മാലാഖമാർക്കൊപ്പം ചേർന്ന് ലിറ്റിൽ ബ്രാഡ്‌ലി

- Advertisement -

ലോകത്തിന്റെ കാത്തിരിപ്പ് വെറുതെയായി ലിറ്റിൽ ബ്രാഡ്‌ലി മാലാഖമാരൊടൊപ്പം ചേർന്നു. വെറുതെയാണെങ്കിലും പ്രതീക്ഷ വച്ച് പുലർത്തിയിരുന്നു അവസാനം വരെ അവന്റെ ഹീറോ ഡിഫോയിനെ പോലെ ലോകവും പക്ഷെ എല്ലാം തകർത്ത് കാലം അവനെ എടുത്തു. ബ്രാഡ്‌ലിയുടെ അച്ഛനമ്മമാർ തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി ‘ധീരനായ ആ കുട്ടി മാലാഖമാർക്കൊപ്പം ചേർന്നു’ എന്ന് തുടങ്ങുന്ന വികാരപരിതമായ കുറിപ്പോടെ മകന്റെ മരണം ലോകത്തെ അറിയിച്ചത്. ലോകത്തിന്റെ, ഡിഫോയുടെ കാത്തിരിപ്പ് വെറുതെയാകുമ്പോഴും കാൻസറിനെതിരെ പൊരുതാനുള്ള ഊർജ്ജം ഓരോരുത്തരിലും നിറച്ചാണവൻ യാത്രയാവുന്നത്, മാലാഖമാരൊത്ത് ഫുട്ബോളു കളിക്കാൻ.

 

ഹൃദയഭേദകമായിരുന്നു ആ വാക്കുകൾ, ഇടക്ക് വാക്കുകൾ കിട്ടാതെ ഇടറുന്നുണ്ടായിരുന്നു അയാൾ, കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു. ആ മനുഷ്യൻ ഇംഗ്ലണ്ടിലെ ഇതിഹാസതാരങ്ങളിലൊരാളാണ്, പ്രീമിയർ ലീഗിൽ 150 ലേറെ ഗോളടിച്ച താരം. ടോട്ടനത്തിന്റെ, സണ്ടർലാന്റിന്റെ ഇതിഹാസം. പുതിയ ക്ലബ് ബോർൺമൗത്തിനായി തന്റെ ആദ്യ വാർത്താസമ്മേളനം ഇത്രയും വികാരപരിതമായതിന് കാരണം ഒരു ഫുട്ബോൾ ആരാധകനായിരുന്നു. ആ ആരാധകനുമായുള്ള തന്റെ സൗഹൃദത്തെ പറ്റി സംസാരിക്കുകയായിരുന്നു ഡിഫോ. അതെ ബ്രാഡ്‌ലി ലൗവറിയെ കുറിച്ച്.

ലിറ്റിൽ ബ്രാഡ്ലിയെ അറിയാത്ത ഫുട്ബോൾ ആരാധകരുണ്ടാവില്ല. കാൻസറിനോട് പൊരുതുന്ന ആ 5 വയസ്സുകാരൻ ശത്രുതകൾക്കപ്പുറത്ത് ഓരോ ഫുട്ബോൾ ആരാധകന്റേയും നായകനായിരുന്നു, പ്രതീക്ഷയും. സണ്ടർലാന്റും, ഡിഫോയും അവന് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. സണ്ടർലാന്റിന്റേയും, എവർട്ടണിന്റേയും മത്സരത്തിന് അവൻ ടീം മസ്കോട്ടായി വന്നപ്പോൾ ആഹ്ലാദത്തോടെ കാണികൾ അവനായി ആർത്ത് വിളിച്ചു. അവനായി പ്രാർത്ഥിച്ചു, അവന്റെ ചികിത്സക്കായി സഹായങ്ങൾ നൽകി. ഡിഫോയടക്കമുള്ള താരങ്ങൾ അവന്റെ ചികിത്സയിലെ ഓരോ ഘട്ടത്തിലും കൂടെയുണ്ടായിരുന്നു, സന്തോഷിപ്പിക്കാനായി എന്നും അവനരികിൽ ഓടിയെത്തി.

ഇന്നലെ അവൻ മരുന്നിനോട് പ്രതികരിക്കുല്ലെന്ന് അവന്റെ മാതാപിതാക്കൾ അറിയിച്ചെപ്പോൾ തകർന്നത് ഓരോ ഫുട്ബോൾ ആരാധകന്റയും ഹൃദയമായിരുന്നു. ആ വേദനയായിരുന്നു ഡിഫോയുടെ ഓരോ വാക്കിലും നിറഞ്ഞത്. ഏത് സൂപ്പർ സ്റ്റാറിനുമപ്പുറം താനൊരു ഹൃദയമുള്ള മനുഷ്യൻ മാത്രമാണെന്ന് ഡിഫോ പറയാതെ പറയുകയാരുന്നു.

എല്ലാ ചിത്രത്തിലും ഏത് വേദനയിലും ചിരിച്ച മുഖവുമായി നിൽക്കുന്ന ലിറ്റിൽ ബ്രാഡ്ലിയെ മാത്രമെ നമുക്ക് കാണാനാവൂ. അതായിരുന്നു അവൻ, പോരാട്ടത്തിന്റെ അവസാന വാക്ക്. ‘എനിക്കറിയാം പ്രതീക്ഷകൾ വളരെ നേർത്തതാണെന്ന്, എങ്കിലും ഞാൻ പ്രതീക്ഷിച്ച് കൊണ്ടേയിരിക്കുന്നു.’ ഡിഫോയുടെ വാക്കുകളാണിത്. പക്ഷെ ആ പ്രതീക്ഷകൾ അവസാനിച്ചിരിക്കുന്നു, പക്ഷെ ഹൃദയത്തിൽ നിന്ന് ഒരിക്കലും അവന്റെ മുഖം മായില്ലെന്ന് ഡിഫോ പറഞ്ഞിട്ടുണ്ട്. ഡിഫോയുടേയും, ലോകത്തിന്റേയും ഓർമ്മകളിൽ എന്നും നീ ഉണ്ടാവും ലിറ്റിൽ ബ്രാഡ്ലി. വിട!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement