
നെയ്മറിന്റെ അഭാവത്തിൽ കവാനി നിറഞ്ഞാടിയപ്പോൾ പി.എസ്.ജികെ ഉജ്ജ്വല ജയം. നീസിനെയാണ് പി.എസ്.ജി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. പി.എസ്.ജിക്ക് വേണ്ടി കവാനി ഇരട്ട ഗോൾ നേടിയപ്പോൾ മൂന്നാമത്തെ ഗോൾ നീസ് താരം ഡാന്റെയുടെ സെൽഫ് ഗോളായിരുന്നു.
ജയത്തോടെ പി.എസ്.ജി ലീഗ് 1ൽ 11 മത്സരത്തിൽ 29 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടി സസ്പെൻഷനിലായ നെയ്മറിന്റെ കുറവ് അറിയിക്കാതെ കവാനിയാണ് പി.എസ്.ജിയുടെ വിജയം എളുപ്പമാക്കിയത്.
പി.എസ്.ജിയുടെ ആദ്യ ഗോൾ ശ്രമം തന്നെ വലയിലെത്തിച്ച് പി.എസ്.ജിക്ക് സ്വപ്ന സമാനമായ തുടക്കമാണ് കവാനി നൽകിയത്. ഡി മാറിയയുടെ ക്രോസിൽ നിന്നാണ് കവാനി മൂന്നാം മിനുറ്റിൽ ആദ്യ ഗോൾ നേടിയത്. തുടർന്ന് 31ആം മിനുട്ടിൽ ഡി മരിയയുടെ മറ്റൊരു മികച്ച പാസിൽ നിന്ന് കവാനി രണ്ടാമത്തെ ഗോളും നേടി.
രണ്ടാം പകുതിയിൽ ഡാനി ആൽവേസിന്റെ ഗോൾ ശ്രമം തടയാൻ ശ്രമിച്ച ഡാന്റെയുടെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. മത്സരത്തിലുടനീളം ആധിപത്യം കാട്ടിയ പി.എസ്.ജി നീസിന് മത്സരത്തിലേക്ക് തിരിച്ച് വരാൻ ഒരു അവസരവും നൽകിയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial