ഗോളടിക്കാൻ മടിക്കാത്ത പി എസ് ജി ഇന്ന് ഗോൾ വഴങ്ങാത്ത സെന്റ് എറ്റിയനെതിരെ

- Advertisement -

 

ഫ്രഞ്ച് ലീഗിലെ തങ്ങളുടെ വിജയ പരമ്പര തുടരാൻ പി എസ് ജിയും സെൻ എറ്റിയനും നേർക്കുനേർ വരുന്നു. ഫ്രഞ്ച് ലീഗ് ഇതുവരെ‌ നടന്ന മൂന്നു മത്സരങ്ങളും വിജയിച്ചതായി മൊണോക്കോയും പി എസ് ജിയും സെന്റ് എറ്റിയനും മാത്രമേ ഉള്ളൂ. അതിൽ രണ്ടു ടീമുകളാണ് നേർക്കുനേർ വരുന്നത് എന്നതുകൊണ്ട് തന്നെ പി എസ് ജിക്ക് മുൻ മത്സരങ്ങൾ പോലെ എളുപ്പമാകില്ല ഇന്ന്.

കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് കിട്ടിയ വെറാട്ടി ഇല്ലാതെയാകും പി എസ് ജി ഇന്നിറങ്ങുക. പക്ഷെ പി എസ് ജി കരിയർ ആഘോഷിച്ചു കൊണ്ട് തുടങ്ങിയ നെയ്മർ മതിയാകും ഇന്നും പി എസ് ജിക്ക് ആത്മവിശ്വാസം നൽകാൻ. കഴിഞ്ഞ മത്സരത്തിലെ രണ്ടു ഗോളുകൾ ഉൾപ്പെടെ രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകളുമായി മികച്ച ഫോമിലാണ് നെയ്മർ. ഒപ്പം കവാനിയും മധ്യനിര താരം റാബിയോയും മികവിലേക്ക് ഉയർന്നിട്ടുമുണ്ട്.

മൂന്നു മത്സരത്തിൽ മൂന്നും ജയിച്ച് എത്തുന്ന എറ്റിയന്റെ കരുത്ത് അവരുടെ ഡിഫൻസാണ്. ഈ സീസണിൽ ഇതിവരെ ഒരു ഗോൾ പോലും സെന്റ് എറ്റിയൻ വഴങ്ങിയിട്ടില്ല. ഫ്രഞ്ച് ലീഗിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഒരേയൊരു ടീമാണ് സെന്റ് എറ്റിയൻ. പക്ഷെ പി എസ് ജിക്കെതിരെ എന്നും പതറിയിട്ടുള്ള എറ്റിയന് ഇന്ന് പി എസ് ജിയെ തടയാനാകുമോ എന്നത് സംശയമാണ്. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പി എസ് ജി വിജയിച്ചിരുന്നു.

ഇന്ന് രാത്രി 12.15ന് പി എസ് ജിയുടെ തട്ടകത്തിൽ വെച്ച് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement