മൊണാക്കോയെ ഏഴു ഗോളിന് നിലംപരിശാക്കി ഫ്രഞ്ച് ലീഗ് കിരീടത്തിൽ പി എസ് ജിയുടെ ഏഴാം മുത്തം

അഞ്ച് മത്സരങ്ങൾ ഇനിയും ലീഗിൽ ബാക്കിയിരിക്കെ തന്നെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി പി എസ് ജി. മുൻ ചാമ്പ്യന്മാരായ മൊണാക്കോയെ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ തച്ചുതകർത്താണ് പി എസ് ജി കിരീടം തിരിച്ചുപിടിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം.

ഈ ജയത്തോടെ 87 പോയന്റായി പി എസ് ജിക്ക്. മൊണാക്കോയ്ക്ക് 70 പോയന്റാണുള്ളത്. ഇനി അഞ്ചു മത്സരങ്ങളും വിജയിച്ചാലും പി എസ് ജിയുടെ ഒപ്പം എത്താൻ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർക്ക് ആവില്ല. ആദ്യ പകുതിയിൽ പിറന്ന നാലു ഗോളുകളാണ് ഇന്ന് തന്നെ കിരീടം സ്വന്തമാക്കാൻ പി എസ് ജിയെ സഹായിച്ചത്. പി എസ് ജിക്കായി ലെ കെൽസോയും ഡി മറിയയും ഇരട്ട ഗോളുകളും, ഡ്രാക്സ്ലർ, കവാനി എന്നിവർ ഒരോ ഗോളും നേടി. ഫാൽകോയുടെ ഓൺ ഗോളാണ് ഏഴാം ഗോൾ.

പി എസ് ജിക്ക് ഇത് ഏഴാം ഫ്രഞ്ച് ലീഗ് കിരീടമാണ്. അവസാന ആറു വർഷങ്ങൾക്കിടയിലെ അഞ്ചാം ലീഗ് കിരീടം. ഇതിനു മുമ്പ് 1985-86, 1993-94, 2012-13, 2013-14, 2014-15, 2015-16 സീസണുകളിലാണ് പി എസ് ജി കിരീടം നേടിയിട്ടുള്ളത്. ഇത്തവണ നെയ്മർ കൂടെ എത്തിയതോടെ ശക്തി കൂടിയ പി എസ് ജി ലീഗിൽ വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് തോറ്റത്. ഇതുവരെ‌ 103 ഗോളുകളും പി എസ് ജി ലീഗിൽ അടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോളടിച്ച്, മാപ്പ് പറഞ്ഞ്, കയ്യടിയും വാങ്ങി ഇസ്കോ
Next articleബെൻഫികയ്ക്കെതിരെ 90ആം മിനുട്ട് റോക്കറ്റ് ഗോളിൽ പോർട്ടൊ, ലീഗിൽ ഒന്നാമത്