ഫുട്ബോൾ ലോകം ഞെട്ടി, എമ്പാപ്പെയെയും പി എസ് ജി റാഞ്ചി

ഫുട്ബോൾ ലോകത്തെ വീണ്ടും ഞെട്ടിച്ച് പി.എസ്.ജി. ലോക ഫുട്ബോളിലെ വളർന്നു വരുന്ന താരങ്ങളിൽ പ്രമുഖനായ കെയ്‌ലിൻ എമ്പാപ്പെയാണ് പി.എസ്.ജി ടീമിലെത്തിച്ചിരിക്കുന്നത്. ലോക റെക്കോർഡ് തുകക്ക് നെയ്മറെ ടീമിലെത്തിച്ച പി.എസ്.ജി ഫ്രഞ്ച് ലീഗിലെ തങ്ങളുടെ മുഖ്യ എതിരാളികളായ മൊണാകോയിൽ നിന്നാണ് താരത്തെ ടീമിലെത്തിച്ചത്. ലോൺ അടിസ്ഥാനത്തിലാകും താരം ഈ കൊല്ലം ടീമിലെത്തുക. ഫിനാൻഷ്യൽ ഫെയർ പ്ലേയെ മറികടക്കാനാണ് താരത്തെ ഈ കൊല്ലം ലോണിൽ ടീമിലെത്തിക്കുന്നത്.

150മില്യൺ യൂറോയാണ് താരത്തിനായി പി.എസ്.ജി മുടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2018 ജൂൺ വരെയാണ് ലോൺ കാലാവധി. 18കാരനായ എമ്പാപ്പെ ലോൺ കാലാവധി അവസാനിച്ചതിന് ശേഷം പി .എസ് ജിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കും. 2022 ജൂൺ 30 വരെയാവും എമ്പാപ്പെയുടെ കരാർ. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന് വാർത്തയുണ്ടായിരുന്നു.

പി.എസ.ജിയുടെ നീലയും ചുവപ്പും ജേഴ്സി അണിയുന്നതിൽ അഭിമാനമുണ്ടെന്ന് താരം ക്ലബ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം മൊണാകോയെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് എമ്പാപ്പെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാട്ടില്‍ വീണ്ടും ജയിച്ച് മുംബൈ
Next articleപാക്-ലോക ഇലവന്‍, സംപ്രേക്ഷണാവകാശം സ്വന്തമാക്കി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സ്