ലയണൽ മെസ്സിക്ക് അരങ്ങേറ്റം, എമ്പപ്പയുടെ ഇരട്ട ഗോളിൽ പി എസ് ജി വിജയം

20210830 020015

ഇന്ന് ഫ്രഞ്ച് ഫുട്ബോളിന് തന്നെ പ്രധാനപ്പെട്ട രാത്രി ആയിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസ്സി ഇന്ന് പി എസ് ജിക്ക് വേണ്ടി അരങ്ങേറി. ബാഴ്സലോണ അല്ലാത്ത വേറെ ഒരു ക്ലബിന്റെ ജേഴ്സിയിൽ മെസ്സി ഇറങ്ങിയ മത്സരത്തിൽ മെസ്സിയുടെ ടീമായ പി എസ് ജി അനായാസ വിജയം നേടി. എവേ മത്സരത്തിൽ റെംസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. പി എസ് ജി വിടുമെന്ന് അഭ്യൂഹങ്ങൾ ഉള്ള എമ്പപ്പെ ആണ് ഇരട്ട ഗോളുകളുമായി പി എസ് ജിയുടെ ഇന്നത്തെ വിജയശില്പി ആയത്.

മെസ്സിയെ ബെഞ്ചിൽ ഇരുത്തി നെയ്മറിനെയും എമ്പപ്പെയെയും ഡി മറിയയെയും അറ്റാക്കിൽ ഇറക്കി ആയിരുന്നു പി എസ് ജി ഇറങ്ങിയത്. 16ആം മിനുട്ടിൽ ഒരു ഡിമറിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു എമ്പപ്പെയുടെ ഗോൾ. രണ്ടാം പകുതിയിൽ 64ആം മിനുട്ടിലാണ് എമ്പപ്പെ തന്റെ രണ്ടാം ഗോൾ നേടിയത്. ഇത്തവണ വലതു വിങ്ങിൽ നിന്ന് റൈറ്റ് ബാക്ക് അഷ്റഫ് ഹകിമി നൽകിയ ലോ ക്രോസിൽ നിന്നായിരുന്നു എമ്പപ്പെയുടെ ഫിനിഷ്. രണ്ടാം ഗോൾ പിറന്നതിനു പിന്നാലെ ആയിരുന്നു മെസ്സി സബ്ബായി കളത്തിൽ എത്തിയത്.

66ആം മിനുട്ടിൽ നെയ്മറിന് പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്. മെസ്സിക്ക് സ്റ്റേഡിയത്തിലെ ആരാധകരിൽ നിന്ന് വലിയ ആരവമാണ് ലഭിച്ചത്. കളത്തിൽ മികച്ച ടച്ചുകളുമായി മെസ്സി തന്റെ അരങ്ങേറ്റം സുന്ദരമാക്കി. പി എസ് ജിയുടെ തുടർച്ചയായ നാലാം വിജയമാണിത്. 12 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അവർ.

Previous articleഎവേ ലീഗ് മത്സരങ്ങളിൽ അപരാജിതരായി ചരിത്രം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഷൂട്ടിംഗിൽ സ്വര്‍ണ്ണം, പാരാലിമ്പിക്സിൽ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടുന്ന ആദ്യ വനിത താരമായി ആവണി