മൂന്നാം കിരീടം ഉയർത്തി പി എസ് ജി, ലിയോണെ തോൽപ്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ

ഫ്രാൻസിൽ ഒരിക്കൽ കൂടെ പ്രാദേശിക ട്രിബിൾ സ്വന്തമാക്കിയിരിക്കുകയാണ് പി എസ് ജി. ഇന്നലെ ഫ്രഞ്ച് ലീഗ് കപ്പും പി എസ് ജി സ്വന്തമാക്കി. ലിയോണിനെ നേരിട്ട പി എസ് ജി പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയിച്ചത്. എമ്പപ്പെ ഇല്ലാതെ ഇറങ്ങിയ പി എസ് ജി ഗോളവസരങ്ങൾ തുടർച്ചയായി നഷ്ടപ്പെടുത്തുന്നതാണ് ഇന്നലെ കണ്ടത്. നെയ്മറിനോ ഇക്കാർഡിക്കോ ഗോൾ വല ചലിപ്പിക്കാൻ ഇന്നലെ ആയില്ല. നിശ്ചിത സമയത്ത് മത്സരം 0-0 എന്നായിരുന്നു.

മത്സരത്തിന്റെ 119ആം മിനുട്ടിൽ ഡി മറിയയെ ഫൗൾ ചെയ്തതിന് ലിയോണിന്റെ റാഫേൽ ഡിസിൽവ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. പെനാൾട്ടി ഷൂട്ടൗട്ടിൽ 6-5 എന്ന സ്കോറിനാണ് പി എസ് ജി വിജയിച്ചത്. ട്രയോരെ ആണ് ലിയോണിന്റെ പെനാൾട്ടി നഷ്ടപ്പെടുത്തിയത്‌. ഡിമറിയ, പരഡെസ്, സറാബിയ, വെറെട്ടി, ഹെരേര, നെയ്മർ എന്നിവർ പി എസ് ജിക്ക് വേണ്ടി പെനാൾട്ടി ലക്ഷ്യത്തി എത്തിച്ചു.

ഇതോടെ ഫ്രാൻസിലെ മൂന്ന് കിരീടങ്ങളും പി എസ് ജി തന്നെ സ്വന്തമാക്കി. നേരത്തെ ലീഗും, ഫ്രഞ്ച് കപ്പും പി എസ് ജി സ്വന്തമാക്കിയിരുന്നു. അവസാന ആറു വർഷങ്ങളിൽ പി എസ് ജി ഇത് നാലാം തവണയാണ് ഫ്രാൻസിൽ ട്രിബിൾ കിരീടങ്ങൾ നേടുന്നത്.