ഫ്രഞ്ച് ലീഗ് കിരീടത്തിൽ വീണ്ടും പി എസ് ജിയുടെ മുത്തം!!

- Advertisement -

പി എസ് ജി വിചാരിച്ച് സ്വന്തമാക്കാൻ കഴിയാതിരുന്ന ഫ്രഞ്ച് ലീഗ് അവസാനം അവരുടെ എതിരാളികളായ ലില്ലെ പി എസ് ജിക്ക് നേടിക്കൊടുത്തു. അവസാന മൂന്ന് മത്സരങ്ങളായി വിജയം സ്വന്തമാക്കാൻ കഴിയാത്തതിനാൽ പി എസ് ജിയിൽ നിന്ന് കിരീടം അകലുകയായിരുന്നു. ആകെ രണ്ട് പോയന്റ് മാത്രമെ പി എസ് ജിക്ക് കിരീടം നേടാൻ വേണ്ടിയിരുന്നുള്ളൂ. ഇന്ന് ലില്ലെ ടൗലൂസിനോട് 1-1ന്റെ സമനില വഴങ്ങിയതോടെ ആണ് കിരീടം പി എസ് ജിക്ക് ഉറച്ചത്. രണ്ടാമതുള്ള ലില്ലെയ്ക്ക് ഇനി എല്ലാ മത്സരവും വിജയിച്ചാലും പി എസ് ജിക്ക് ഒപ്പം എത്താൻ ആവില്ല.

ആറ് മത്സരങ്ങൾ ഇനിയും ലീഗിൽ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. പരിക്കു കാരണം ഈ സീസൺ മുഴുവൻ വലഞ്ഞ പി എസ് ജി എന്നിട്ടും കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിൽ ലീഗ് കിരീടം നേടി എന്നത് പുതിയ പരിശീലകൻ ടൂക്കലിന് അഭിമാനിക്കാവുന്ന കാര്യമാണ്.

32 മത്സരങ്ങളിൽ നിന്ന് 81 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള ലിലെയ്ക്ക് 65 പോയന്റും. പി എസ് ജിക്ക് ഇത് എട്ടാം ഫ്രഞ്ച് ലീഗ് കിരീടമാണ്. തുടർച്ചയായ രണ്ടാം ലീഗും. അവസാന ഏഴു വർഷങ്ങൾക്കിടയിൽ ആൺ ആറ് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. ഇതിനു മുമ്പ് 1985-86, 1993-94, 2012-13, 2013-14, 2014-15, 2015-16, 2017-18 സീസണുകളിലാണ് പി എസ് ജി കിരീടം നേടിയിട്ടുള്ളത്. ഇത്തവണ നെയ്മർ സീസൺ പകുതിയോളം പുറത്ത് ഇരുന്നു എങ്കിലും എമ്പപ്പെ മികച്ച് നിന്നത് പി എസ് ജിക്ക് രക്ഷയായി. പി എസ് ജി ലീഗിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇത്തവണ തോറ്റത്.

Advertisement