ആദ്യം മൂന്ന് ഗോളിന് പിറകിൽ, പിന്നെ 17കാരന്റെ മികവിൽ പി എസ് ജിയുടെ തിരിച്ചടി

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജിയും അമിയെൻസും തമ്മിൽ നടന്നത് ഒരു അത്യുഗ്രൻ പോരാട്ടം. ഇന്ന് ലീഗിൽ നടന്ന പോരാട്ടത്തിൽ ആദ്യ നാൽപ്പതു മിനുട്ടിൽ പി എസ് ജിക്ക് എതിരെ അമിയെൻസ് മൂന്ന് ഗോളുകൾക്ക് മുന്നിൽ. ഗുയിരസി, കകുട്ട, ഡിയബറ്റെ എന്നിവർ നേടിയ ഗോളിൽ ആയിരുന്നു അമിയെൻസ് ചാമ്പ്യന്മാരെ ഞെട്ടിച്ചത്. നെയ്മറും എമ്പപ്പെയും ഇല്ലാത്ത പി എസ് ജി പരാജയത്തിലേക്കാണ് എന്ന് തോന്നിയ സ്ഥലത്ത് നിന്ന് ഒരു പതിനേഴുകാരൻ രക്ഷയ്ക്ക് എത്തി.

യുവതാരം കൊവസിയാണ് ഇരട്ട ഗോളുകളുമായി പി എസ് ജിയുടെ തിരിച്ചടിക്ക് വഴി തെളിച്ചത്. കൊവസിയുടെ ഇരട്ട ഗോളും, ഒപ്പം ഹെരേര, ഇക്കാർഡി എന്നിവരുടെ ഗോളും ആയപ്പോൾ 74ആം മിനുട്ടിലേക്ക് മത്സര 4-3ന് പിഎസ് ജിക്ക് അനുകൂലം. ഒരു ക്ലാസിക്ക് തിരിച്ചുവരവ്. പക്ഷെ ആ ഫലത്തിന് അടിവരയിടാൻ അമിയെൻസ് സമ്മതിച്ചില്ല. 90ആം മിനുട്ടിൽ ഗുയിരസിയിലൂടെ നാലാം ഗോൾ അടിച്ച് അവർ അർഹിച്ച സമനില നേടി. മത്സരം ഫൈനൽ വിസിൽ വരുമ്പോൾ 4-4 എന്ന നിലയിൽ.

സമനില ആണെങ്കിലും പി എസ് ജിയുടെ ഒന്നാം സ്ഥാനത്തിന് അതൊന്നും ഒരു പ്രശ്നമേയാകില്ല. 62 പോയന്റുമായി പി എസ് ജി ലീഗിൽ ബഹുദൂരം മുന്നിലാണ്.

Advertisement