അവസാന മിനുട്ടിൽ പി.എസ്.ജിക്ക് നാടകീയ ജയം

Psg Team Celebration Ligue 1
- Advertisement -

ഫ്രഞ്ച് ലീഗിൽ അവസാന മിനുറ്റിൽ നേടിയ ഗോളിൽ നാടകീയ ജയം സ്വന്തമാക്കി പി.എസ്.ജി. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ സെന്റ് എറ്റിന്നെക്കെതിരെ 3-2ന്റെ നാടകീയ ജയമാണ് പി.എസ്.ജി നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ മൗറോ ഇകാർഡിയാണ് പി.എസ്.ജിയുടെ വിജയ ഗോൾ നേടിയത്. തുടർച്ചയായ നാലാം ലീഗ് 1 കിരീടം തേടി ഇറങ്ങിയ പി.എസ്.ജിക്ക് ശക്തി പകരുന്നതാണ് ഇന്നത്തെ ജയം.

ആവേശകരമായ മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത് രണ്ടാം പകുതിയിലെ അവസാന 13 മിനുട്ടിലാണ്. 77ആം മിനുട്ടിൽ ബൗങ്ങയിലൂടെ സെന്റ് എറ്റിന്നെയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ എമ്പപ്പെയിലൂടെ പി.എസ്.ജി സമനില പിടിക്കുകയും തുടർന്ന് മത്സരം തീരാൻ 3 മിനിറ്റ് ബാക്കി നിൽക്കെ പെനാൽറ്റിയിലൂടെ എമ്പപ്പെ തന്നെ പി.എസ്.ജിയെ മത്സരത്തിൽ മുൻപിലെത്തിക്കുകയും ചെയ്തു.

എന്നാൽ മത്സരം കൈവിടാൻ ഒരുക്കമല്ലാത്ത സെന്റ് എറ്റിന്നെ ഇഞ്ചുറി ടൈമിൽ ഹമൂമയിലൂടെ ഗോളിൽ മത്സരം സമനിലയിലാക്കിയെന്ന് തോന്നിയെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ വീണ്ടും ഗോൾ നേടി പി.എസ്.ജി വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന മിനുട്ടിൽ ഏഞ്ചൽ ഡി മരിയയുടെ പാസിൽ നിന്ന് ഇകാർഡിയാണ് പി.എസ്.ജിയുടെ വിജയ ഗോൾ നേടിയത്.

Advertisement