മിശിഹായുടെ അത്ഭുത ഗോൾ!! ഇന്ന് കണ്ടത് നെയ്മറിന്റെയും മെസ്സിയുടെയും വിളയാട്ട്!! പി എസ് ജിക്ക് ഭയക്കാൻ ഒന്നുമില്ല

പി എസ് ജിയുടെ ലീഗ് സീസണിൽ ഏകപക്ഷീയ വിജയത്തോടെ തുടക്കം. ഇന്ന് ക്ലെമൗണ്ടിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളുകൾ നേടിയിരുന്നു. എമ്പപ്പയുടെ അഭാവത്തിൽ നെയ്മറും മെസ്സിയും ആണ് പി എസ് ജിയെ മുന്നിൽ നിന്ന് നയിച്ചത്. നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയപ്പോൾ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

ഒമ്പതാം മിനുട്ടിൽ ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ലയണൽ മെസ്സിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച് നെയ്മർ വല കുലുക്കുകയായിരുന്നു. നെയ്മറിന്റെ ഫ്രഞ്ച് ലീഗിലെ 70ആം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം നെയ്മർ ക്രിയേറ്ററുടെ റോളിലേക്ക് മാറി. 26ആം മിനുട്ടിൽ നെയ്മറും മെസ്സിയും ചേർന്ന് നടത്തിയ ഒരു കൗണ്ടർ അറ്റാക്ക് നെയ്മറിന്റെ പാസിലൂടെ അച്റഫ് ഹകീമിയിൽ എത്തി. താരം അത് സുഖകരമായി ഫിനിഷ് ചെയ്ത് പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കി.

38ആം മിനുട്ടിൽ മാർക്കിനസിന്റെ ഗോളും നെയ്മർ ആയിരുന്നു ക്രിയേറ്റ് ചെയ്തത്. നെയ്മറിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു മാർക്കിനോസിന്റെ ഗോൾ. രണ്ടാം പകുതിയിൽ പി എസ് ജി ഏറെ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും നാലാം ഗോൾ വരാൻ സമയം എടുത്തു.

എമ്പതാം മിനുട്ടിൽ ആയിരുന്നു നാലാം ഗോൾ വന്നത്. ഈ ഗോളും ഒരുക്കിയത് നെയ്മർ ആയിരുന്നു.നെയ്മർ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് മെസ്സിയും തന്റെ ഗോൾ അക്കൗണ്ട് തുറന്നു. 87ആം മിനുട്ടിൽ മെസ്സിയുടെ രണ്ടാം ഗോൾ വന്നു. കളിയിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു. വന്ന ഹൈ ത്രൂ ബോൾ നെഞ്ചിൽ ഇട്ട് അടുത്ത ടെച്ചിൽ ആക്രൊബാറ്റിക്ക് ഫിനിഷും. പി എസ് ജി 5 ഗോളുകൾക്ക് മുന്നിൽ.

Story Highlights: Messi Bicycle goal, Messi Neymar shines in PSG victory

ഫ്രാൻസിൽ ഇന്ന് പന്തുരുണ്ട് തുടങ്ങും, ആധിപത്യം തുടരാൻ പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിനു ഇന്ന് തുടക്കം. ഇന്ന് അർദ്ധരാത്രി 12.30 നു നടക്കുന്ന മത്സരത്തിൽ ഒളിമ്പിക് ലിയോൺ അജാസിയോ മത്സരത്തോടെയാണ് ലീഗ് വണ്ണിനു തുടക്കം ആവുക. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിച്ച വമ്പൻ താരങ്ങളും പുതിയ പരിശീലകനും ആയി എത്തുന്ന പാരീസ് സെന്റ് ജർമ്മനു ഏതെങ്കിലും ഒരു ടീം ലീഗിൽ വെല്ലുവിളി ഉയർത്താൻ സാധ്യത കുറവാണ്. പോച്ചറ്റീന്യോക്ക് പകരം മുൻ ലില്ലി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയരെ കൊണ്ട് വന്ന പി.എസ്.ജി റെനാറ്റോ സാഞ്ചസ് അടക്കമുള്ളവരെ കൊണ്ടു വന്നു ടീം ശക്തമാക്കിയിട്ടുണ്ട്. റെക്കോർഡ് വേതനം നൽകി എമ്പപ്പെയെ നിലനിർത്താൻ ആയത് ആണ് പി.എസ്.ജിയുടെ മറ്റൊരു നേട്ടം. നെയ്‌മർ, എമ്പപ്പെ എന്നിവർക്ക് ഒപ്പം സാക്ഷാൽ ലയണൽ മെസ്സി കൂടി ഉൾപ്പെടുന്ന പി.എസ്.ജി ലീഗിന് അപ്പുറം ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം ആണ് ഇത്തവണയും ലക്ഷ്യം വക്കുന്നത്.

ലിയോണിനു എന്ന പോലെ ഈ സീസണിൽ സ്ഥാന കയറ്റം നേടി വന്ന ക്ലെർമോണ്ട് ആണ് പാരീസിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ. നാളെയാണ് പി.എസ്.ജിയുടെ മത്സരം. ആദ്യ മത്സരത്തിൽ ലിയോണിനു ദുർബലരായ എതിരാളികൾ ആണ്. ലാകസെറ്റയെ തിരികെയെത്തിച്ച ലിയോണിനു പാരീസിന് വെല്ലുവിളി ആവാൻ സാധിക്കില്ല എന്നെ കരുതാൻ ആവൂ. തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ റെയിമ്സ് ആണ് മാഴ്‌സയുടെ എതിരാളി. പരിശീലകൻ സാമ്പോളി ടീം വിട്ടത് മാഴ്സക്ക് തിരിച്ചടിയാണ്. നിരവധി മികച്ച താരങ്ങളെ ടീമിൽ എത്തിച്ച നീസിന് നാളത്തെ ആദ്യ മത്സരത്തിൽ ടൊളോസോയാണ് എതിരാളികൾ. ഫ്രാൻസിൽ ഇത്തവണ ശ്രദ്ധിക്കേണ്ട ശക്തിയാവും നീസ്. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ആയെങ്കിലും കിരീടത്തിനു മത്സരിക്കാനുള്ള കരുത്ത് മുൻ ചാമ്പ്യൻമാരായ മൊണാകോക്കോ, ലില്ലിക്കോ ഇല്ല. ആദ്യ മത്സരത്തിൽ ലില്ലി പുതുതായി ലീഗിൽ എത്തിയ ആക്സരെയെ നേരിടുമ്പോൾ മൊണാകോ സ്ട്രാസ്ബോർഗിനെ നേരിടും. പതിവ് പി.എസ്.ജി ആധിപത്യം തന്നെയാവും ഫ്രാൻസിൽ ഇത്തവണയും കാണുക എന്നുറപ്പാണ്. ഫ്രഞ്ച് ലീഗ് വൺ മത്സരങ്ങൾ സ്പോർട്സ് 18 ലും വൂട്ട് സെലക്ടിലും തത്സമയം കാണാൻ ആവും.

ബെൽജിയം മധ്യനിര താരം ഫ്രഞ്ച് ലീഗ് വണ്ണിൽ നിന്നു വെസ്റ്റ് ഹാമിലേക്ക്

ഫ്രഞ്ച് ലീഗ് വൺ ടീം ആയ ലില്ലെയിൽ നിന്നു ബെൽജിയം മധ്യനിര താരം അമഡൗ ഒനാന വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക്. നേരത്തെ വെസ്റ്റ് ഹാമിന്റെ ഓഫർ നിരസിച്ച ഫ്രഞ്ച് ക്ലബ് നിലവിൽ പുതിയ ഓഫർ സ്വീകരിച്ചു എന്നാണ് സൂചനകൾ. ഏതാണ്ട് 40 മില്യൺ യൂറോക്ക് ആവും താരം ലണ്ടനിൽ എത്തുക.

നിലവിൽ താരവും ആയി ഇതിനകം ധാരണയിൽ എത്തിയ വെസ്റ്റ് ഹാം 2027 വരെയുള്ള കരാർ ആണ് താരവും ആയി ഒപ്പ് വക്കുക എന്നാണ് സൂചന. ഉയർന്ന ശാരീരിക ക്ഷമതയും മികച്ച കളി മികവും ഉള്ള താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ ആവും എന്നു തന്നെയാണ് വെസ്റ്റ് ഹാം പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട ക്ലബ് ഇതിഹാസം മാർക് നോബിളിനു അടക്കം പകരക്കാരനായി ആവും താരം വെസ്റ്റ് ഹാമിൽ എത്തുക.

ചെൽസി പ്രതിരോധതാരം ലോൺ അടിസ്‌ഥാനത്തിൽ മൊണാകോയിലേക്ക്

ചെൽസിയുടെ പ്രതിരോധ താരം മലങ് സാർ ലോണിൽ ഫ്രഞ്ച് ലീഗ് ക്ലബായ എ.എസ് മൊണാകോയിലേക്ക്. ടീമിൽ അവസരങ്ങൾ കുറഞ്ഞത് കൊണ്ടാണ് യുവതാരത്തെ ചെൽസി ലോണിൽ വിടാൻ ഒരുങ്ങുന്നത്.

ലോണിന് ഒപ്പം അടുത്ത വർഷം താരത്തെ സ്ഥിരമായി സ്വന്തമാക്കാനും അവസരമുള്ള കരാറിൽ ആവും ഇരു ടീമുകളും ഒപ്പ് വക്കുക. നിലവിൽ താരവും ആയി മൊണാകോ കരാറിൽ എത്തിയിട്ടുണ്ട്. ചെൽസിയും മൊണാകോയും ഒത്ത് തീർപ്പിൽ എത്തിയാൽ താരം ഉടൻ ഫ്രഞ്ച് ക്ലബിൽ എത്തും.

ആഴ്‌സണലിന്റെ യുവ മുന്നേറ്റനിര താരം ലോൺ അടിസ്ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ടീമിലേക്ക്

ആഴ്‌സണലിന്റെ യുവ ഇംഗ്ലീഷ് മുന്നേറ്റനിര താരം ഫോളറിൻ ബലോഗൺ ഫ്രഞ്ച് ലീഗ് വൺ ടീം ആയ റൈമിസിൽ എത്തും. ഈ വർഷത്തേക്ക് ലോണിൽ ആണ് താരം ഫ്രഞ്ച് ക്ലബിൽ എത്തുക. വലിയ ഭാവി ആഴ്‌സണൽ കാണുന്ന താരത്തിന് സ്ഥിരമായി ഫുട്‌ബോൾ കളിക്കാൻ അവസരം നൽകാൻ ആണ് ആഴ്‌സണൽ താരത്തെ ലോണിൽ അയക്കുന്നത്.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ പന്ത്രണ്ടാം സ്ഥാനത്ത് എത്തിയ റൈമിസിൽ മികച്ച അവസരങ്ങൾ ആവും താരത്തിന് ലഭിക്കുക. ലോണിൽ പോവുന്ന താരം അടുത്ത സീസണിൽ ആഴ്‌സണലിൽ തിരിച്ചെത്തും. ഈ സീസണിൽ ടീം ഉടച്ചു വാർക്കുന്ന ആഴ്‌സണലിൽ നിന്നു ഇനിയും താരങ്ങൾ പുറത്ത് പോവാൻ തന്നെയാണ് സാധ്യത.

നെയ്മറിന് ഇരട്ട ഗോൾ, മെസ്സിക്കും റാമോസിനും ഒരോ ഗോൾ, പി എസ് ജി കപ്പുമായി തുടങ്ങി

പി എസ് ജി പുതിയ സീസൺ കിരീടവുമായി തുടങ്ങി. ഇന്ന് ട്രോഫി ദെസ് ചാമ്പ്യൻസ് മത്സരത്തിൽ നാന്റെസിനെ തോൽപ്പിച്ച് കൊണ്ടാണ് പി എസ് ജി കിരീടം നേടിയത്. പി എസ് ജി എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. മെസ്സിയും നെയ്മറും റാമോസും സ്കോർ ബോർഡിൽ എത്തിയ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

മെസ്സിയുടെ ഗോളിലൂടെ ആണ് പി എസ് ജി ഇന്ന് ഗോളടി തുടങ്ങിയത്. നെയ്മർ ഇരട്ട ഗോളുകൾ പിറകെ നേടി. നെയ്മറിന്റെ ആദ്യ ഗോൾ ഒരു മനോഹര ഫ്രീകിക്കിലൂടെയും രണ്ട ഗോൾ പെനാൾട്ടിയിലൂടെയും ആയിരുന്നു. റാമോസ് 57ആം മിനുട്ടിലായിരുന്നു ഗോൾ നേടിയത്.

നുനോ ടവാരസ് മാഴ്സെയിൽ, ഔദ്യോഗിക പ്രഖ്യാപനം എത്തി

ആഴ്‌സണലിന്റെ യുവ പോർച്ചുഗീസ് താരം നുനോ ടവാരസ് വായ്പ അടിസ്‌ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബായ ഒളിമ്പിക് മാഴ്സെയിൽ. ആഴ്‌സണലിൽ താളം കണ്ടത്താൻ വിഷമിച്ച താരത്തെ ജൂൺ 2023 വരെയാണ് ആഴ്‌സണൽ ലോണിൽ അയക്കുന്നത്.

ഇടത് ബാക്ക് ആയ ടവാരസ് വലിയ പ്രതിഭയുള്ള താരമായി വിലയിരുത്തപ്പെടുന്നു എങ്കിലും വലിയ പിഴവുകൾ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ഉക്രൈൻ താരം സിഞ്ചെങ്കോ എത്തിയതോടെയാണ് ടാവാരസിനെ ആഴ്‌സണൽ ലോണിൽ അയച്ചത്. അടുത്ത സീസണിൽ താരം ആഴ്‌സണലിൽ തിരിച്ചെത്തും.

“എനിക്ക് പി എസ് ജിയിൽ തുടരണം, ക്ലബ് ഇതുവരെ തന്നോട് ഒന്നും പറഞ്ഞിട്ടില്ല” നെയ്മർ

പി എസ് ജി നെയ്മറിനെ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്ന വാർത്ത വരുന്നുണ്ട് എങ്കിലും താൻ പി എസ് ജിയിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് നെയ്മർ പറഞ്ഞു. തനിക്ക് പി എസ് ജിയിൽ തുടരണം എന്നതാണ് സത്യം എന്ന് നെയ്മർ പറഞ്ഞു. ക്ലബിന്റെ തീരുമാനം എന്താണെന്ന് തനിക്ക് അറിയില്ല. ക്ലബ് എന്നോട് ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല എന്ന് നെയ്മർ പറഞ്ഞു.

എനിക്ക് നീണ്ടകാലം ഇവിടെ കരാർ ഉണ്ട് എന്നും നെയ്മർ പറഞ്ഞു. എനിക്ക് ആരെയും ബോധിപ്പിക്കാൻ ഇല്ല എന്നും തന്റെ ശൈലി എങ്ങനെ ആണെന്ന് തനിക്കും തന്നെ വിമർശിക്കുന്നവർക്കും അറിയാം എന്നും നെയ്മർ പറഞ്ഞു. താൻ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നു എന്നും നെയ്മർ പറഞ്ഞു.

വലിയ വേതനം നഷ്ടമാക്കാൻ ഉദ്ദേശമില്ല, ഇക്കാർഡി പി എസ് ജി വിടാൻ തയ്യാറല്ല

ഇക്കാർഡിക്കായി പല യൂറോപ്യൻ ക്ലബുകളും രംഗത്ത് ഉണ്ടെങ്കിലും താരം പി എസ് ജി വിടാൻ ഒരുക്കമല്ല. പി എസ് ജിയിൽ തനിക്ക് ലഭിക്കുന്ന വലിയ വേതനം വേറെ എവിടെയും ലഭിക്കില്ല എന്നതു കൊണ്ടാണ് ഇക്കാർഡി ക്ലബ് വിടാൻ തയ്യാറാകാത്തത്. പി എസ് ജിയിലെ കരാർ അവസാനിക്കുന്നത് വരെ പാരീസിൽ തന്നെ തുടരാൻ ആണ് താരം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഇനിയും രണ്ട് വർഷത്തെ കരാർ പി എസ് ജിയിൽ ഇക്കാർഡിക്ക് ബാക്കി ഉണ്ട്. 29കാരനായ താരം കരിയറിൽ 200ൽ അധികം ഗോളുകൾ അടിച്ചിട്ടുണ്ട്. ഇന്റർ മിലാനിൽ കത്തി നിൽക്കുന്ന സമയത്ത് മാനേജ്മെന്റുമായി ഉടക്കിയതോടെയാണ് ഇക്കാർഡി ഒരു ഫുട്ബോൾ താരം എന്ന നിലയിൽ പിറകോട്ട് പോയത്‌. അന്ന് മുതൽ ഇതുവരെ ഇക്കാർഡിക്ക് പഴയ പോലെ ഫുട്ബോൾ കളത്തിൽ തിളങ്ങാൻ ആയിട്ടില്ല.

പി എസ് ജിയുടെ പുതിയ എവേ ജേഴ്സി എത്തി

ഫ്രഞ്ച് ക്ലബായ പി എസ് ജി തകർപ്പൻ എവേ ജേഴ്സി അവതരിപ്പിച്ചു. പുതിയ സീസണായുള്ള ജേഴ്സിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗ്രേ നിറത്തിലാണ് എവേ ജേഴ്സിയുടെ ഡിസൈൻ. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈകിന്റെ എയർ ജോർദാൻ ബ്രാൻഡ് ആണ് പി എസ് ജിയുടെ എവേ കിറ്റ് ഒരുക്കുന്നത്‌. നേരത്തെ പി എസ് ജി ഹോം കിറ്റും പുറത്തിറക്കിയിരുന്നു.

രണ്ട് കിറ്റും ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. പ്രീസീസണ ഈ പുതിയ ജേഴ്സി പി എസ് ജി അണിയും.

സ്വിസ് മുന്നേറ്റനിര താരം എമ്പോളോ ഇനി മൊണാകോയിൽ

സ്വിസ് മുന്നേറ്റനിര താരം ബ്രീൽ എമ്പോളോ ഇനി ഫ്രഞ്ച് ലീഗ് വൺ ക്ലബായ എ.എസ് മൊണാകോയിൽ. ജർമ്മൻ ക്ലബ് ആയ ബൊറൂസിയ ഗ്ലബാകിൽ നിന്നാണ് താരം ഏതാണ്ട് 12.5 മില്യൺ യൂറോക്ക് മൊണാകോയിലേക്ക് ചേക്കേറുന്നത്. പലപ്പോഴും അച്ചടക്കമില്ലായ്മ പരാതി ആയി ഉയരാറുള്ള താരം കൂടിയാണ് എമ്പോളോ.

സ്വിസ് ക്ലബ് ബേസലിൽ നിന്നു ആദ്യം ജർമ്മൻ ക്ലബ് ഷാൽക്കയിലേക്കും പിന്നീട് ഗ്ലബാകിലേക്കും താരം ചേക്കേറിയിരുന്നു. ജർമ്മൻ ക്ലബും ആയി ഒരു വർഷത്തെ കരാർ ബാക്കിയുള്ളപ്പോൾ ആണ് താരത്തിന്റെ കൂറുമാറ്റം. മൊണാകോ ഫുട്‌ബോൾ ഡയറക്ടർ പോൾ മിച്ചലിന്റെ പ്രത്യേക താൽപ്പര്യപ്രകാരം കൂടിയാണ് താരം മൊണാകോയിൽ എത്തുന്നത്.

ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ പി എസ് ജി ചർച്ചകൾ

അർജന്റീനൻ താരം ലയണൽ മെസ്സിയെ ക്ലബിൽ തന്നെ നിലനിർത്താൻ പി എസ് ജി ഒരുങ്ങുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു മെസ്സി ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിലേക്ക് എത്തിയത്. മെസ്സിക്ക് 2023 ജൂൺ വരെയാണ് ഇപ്പോൾ പി എസ് ജിയിൽ കരാർ ഉള്ളത്. അത് 2024 വരെ നീട്ടാൻ ആണ് പി എസ് ജി ആഗ്രഹിക്കുന്നത്. മെസ്സിയുമായി ഇതു സംബന്ധിച്ച് പി എസ് ജി ചർച്ചകൾ ആരംഭിച്ചതായി മാഴ്സെ റിപ്പോർട്ട് ചെയ്യുന്നു.

ലയണൽ മെസ്സി എന്നാൽ കരാർ നീട്ടണോ എന്നതിൽ ഇപ്പോൾ ഒരു തീരുമാനം എടുക്കില്ല. ഖത്തർ ലോകകപ്പ് കഴിഞ്ഞ ശേഷം മാത്രമെ മെസ്സി ഒരു തീരുമാനം എടുക്കുകയുള്ളൂ. മെസ്സിക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല കഴിഞ്ഞ സീസൺ എ‌ങ്കിലും പി എസ് ജിയെ സംബന്ധിച്ചടുത്തോളം അവർക്ക് സാമ്പത്തികമായി മെസ്സിയുടെ വരവ് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോൾ പി എസ് ജി വിൽക്കുന്ന അവരുടെ ജേഴ്സിയുടെ 60%വും മെസ്സിയുടെ ജേഴ്സി ആണ്.

മെസ്സി ഈ സീസണിൽ മികച്ച ഫോമിലേക്ക് ഉയരുക ആണെങ്കിൽ പി എസ് ജിയിൽ തന്നെ തുടർന്നേക്കും. കരാർ അവസാനിക്കുന്ന സമയത്ത് ബാഴ്സലോണ മെസ്സിയെ തിരികെ ടീമിലേക്ക് എത്തിക്കാനും ശ്രമിച്ചേക്കും.

Exit mobile version