ഫ്രഞ്ച് പ്ലയർ ഓഫ് ദി ഇയർ ആയി പി.എസ്.ജിയുടെ നെയ്മർ

ഫ്രഞ്ച് പ്ലയർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി പി.എസ്.ജിയുടെ ബ്രസീൽ താരം നെയ്മർ. ഫെബ്രുവരി മുതൽ പരിക്ക് മൂലം നെയ്മർ കളത്തിനു പുറത്താണെങ്കിലും 20 മത്സരങ്ങളിൽ നിന്നായി 19 ഗോളുകളും 13 അസിസ്റ്റുകളും നേടിയതാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയാണ് അവാർഡ് നെയ്മറിന് അവാർഡ് സമ്മാനിച്ചത്.

പി.എസ്.ജിയിൽ നെയ്മറുടെ സഹ താരമായിരുന്ന എഡിസൺ കവാനിയെ പിന്തള്ളിയാണ് നെയ്മർ അവാർഡിന് അർഹനായത്. രണ്ടാം സ്ഥാനം നേടിയ കവാനി ഫ്രഞ്ച് ലീഗിലെ ടോപ് സ്‌കോറർ ആയിരുന്നു. 28 ഗോളുകളാണ് താരം ഈ സീസണിൽ പി.എസ്.ജിക്ക് വേണ്ടി നേടിയത്.  മികച്ച യുവ താരത്തിനുള്ള അവാർഡ് നെയ്മറുടെ മറ്റൊരു സഹ താരമായ എംബപ്പേ സ്വന്തമാക്കി.

ഈ സീസണോടെ ക്ലബ് വിടുന്ന പി.എസ്.ജി കോച്ച് ഉനൈ എമേറിയാണ് മികച്ച കോച്ച്.  ഫ്രാൻ‌സിൽ മൂന്ന് കിരീടങ്ങളാണ് പി.എസ്.ജി ഉനൈ എമേറിക്ക് കീഴിൽ ഈ വർഷം നേടിയത്. എന്നിരുന്നാലും ചാമ്പ്യൻസ് ലീഗിലെ പരാജയമാണ് പുതിയ കോച്ചിനെ കണ്ടെത്താൻ പി.എസ്.ജിയെ പ്രേരിപ്പിച്ചത്.

മാഴ്‌സെല്ലേയുടെ സ്റ്റീവ് മൻണ്ടാണ്ടയാണ് ലീഗിലെ മികച്ച ഗോൾ കീപ്പർ.  ബോറാഡോക്സിന്റെ മാൽകം മികച്ച ഗോളിനുള്ള അവാർഡ് സ്വന്തമാക്കി. ചെൽസിയുടെ മിഡ്‌ഫീൽഡ് താരം കാന്റെയാണ് ഫ്രാൻസിന് പുറത്തു കളിക്കുന്ന കളിക്കാരിൽ മികച്ച താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial