രണ്ടു ഗോൾ, 3 അസിസ്റ്റ്, നെയ്മർ മാജിക്കിൽ പി എസ് ജി ഒന്നാമത്

നെയ്മർ മാജിക്കിൽ പി എസ് ജി ഫ്രഞ്ച് ലീഗിൽ കുതിക്കുന്നു. തുടർച്ചയായ മൂന്നാം ജയത്തോടെ പി എസ് ജി ലീഗ് ടേബിളിൽ ഒന്നാമത് എത്തി. ഇന്ന് നടന്ന മത്സരത്തിൽ ഇരുപത് മിനുട്ടോളം പത്തു പേരുമായി കളിച്ച പി എസ് ജി തുലൂസിനെ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് തകർത്തത്. രണ്ടു ഗോളും പെനാൾട്ടി  വിജയിച്ചതടക്കം മൂന്ന് അസിസ്റ്റുമായി നെയ്മർ പി എസ് ജിയുടെ ഹോം ഗ്രൗണ്ടിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.

തുടക്കം മുതൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും തുലക്കുകയും ചെയ്ത പി എസ് ജിക്ക് ഷോക്കായി 18ാം മിനുട്ടിൽ തുലൂസിന്റെ ഗോൾ വന്നു. പിന്നീടങ്ങോട്ടായിരുന്നു നെയ്മർ താണ്ഡവം. 31ാം മിനുട്ടിൽ റാബിയോക്ക് നെയ്മർ ഒരുക്കികൊടുത്ത അവസരം റാബിയോ പാഴാക്കി എങ്കിലും റീബൗണ്ടിന് കിട്ടിയ പന്ത് വലയിലെത്തിച്ച് നെയ്മർ പി എസ് ജിയെ കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നു. 35ാം മിനുട്ടിൽ വീണ്ടും നെയ്മർ റാബിയോയ്ക്ക് അവസരം ഒരുക്കി. ഇത്തവണ ഫ്രാൻസ് മിഡ്ഫീൽഡർക്ക് ലക്ഷ്യം പിഴച്ചില്ല. പി എസ് ജി 2-1ന് മുന്നിൽ.

 

69ാം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് വാങ്ങി വെറാട്ടി പുറത്ത് പോയതോടെ പി എസ് ജി പത്തു പേരായി ചുരുങ്ങി. പക്ഷെ എണ്ണം കുറഞ്ഞപ്പോൾ പി എസ് ജിക്ക് വീര്യം കൂടുകയാണ് ഉണ്ടായത്. 74ാം മിനുട്ടിൽ നെയ്മർ വിൻ ചെയ്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കവാനി ലീഡ് 3-1 ആക്കി. പിന്നീട് 82ാം മിനുട്ടിൽ പാസ്റ്റോരയും 84ാം മിനുട്ടിൽ കുർസാവയും പി എസ് ജിക്കു വേണ്ടി ലക്ഷ്യം കണ്ടു. കുർസാവോയുടെ ഗോളും നെയ്മറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു. 90ാം മിനുട്ടിൽ നെയ്മർ മാജിക്ക് എന്നു പറയാൻ പറ്റുന്ന ഒരു മൂവിലൂടെ കളിയിലെ തന്റെ രണ്ടാം ഗോളും പി എസ് ജി കരിയറിലെ മൂന്നാം ഗോളും നേടി നെയ്മർ മത്സരത്തിന് ശുഭ പരിസമാപ്തി നൽകി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആരും വേണ്ട!!! ബാഴ്സ വീണ്ടും വിജയ വഴിയിൽ
Next articleഏകപക്ഷീയ ജയത്തോടെ റയൽ, തിളക്കം കെടുത്തി റാമോസിന് ചുവപ്പ് കാർഡ്