
സമീപകാലത്ത് കേട്ട് കേൾവിയില്ലാത്ത ആവേശകരമായ അന്ത്യത്തിലേക്കാണ് ലീഗ് വൺ ഇത്തവണ കടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി, മിന്നും ഫോമിലുള്ള മൊണാക്കോ, അപ്രതീക്ഷിതമായി നീസ് ഇവരിൽ ആർക്കും കിരീടമുയർത്താം എന്ന അവസ്ഥയാണിപ്പോൾ ഫ്രാൻസിലുള്ളത്. ഇന്നലെ നീസിനെ 3-0 ത്തിനു തകർത്ത് മൊണാക്കോ എതിരാളികൾക്ക് വ്യക്തമായ സൂചന നൽകി കഴിഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരായ മൊണാക്കോ സീസണിൽ 38 മത്സരങ്ങളിൽ നൂറാമത്തെ ഗോളാണ് ഇന്നലെ കണ്ടത്തിയത്. ക്യാപ്റ്റൻ ഫാൽക്കാവോ ഇരട്ടഗോൾ നേടിയപ്പോൾ ജെർമന്റെ വകയായിരുന്നു അവരുടെ മൂന്നാം ഗോൾ. ബലോട്ടല്ലിയും സംഘവും നിറം മങ്ങിയപ്പോൾ നീസിനു മറുപടി ഇല്ലായിരുന്നു. ഇതോടെ നീസിനും പി.എസ്.ജിക്കും 3 പോയിന്റ് മുകളിൽ ലീഗിൽ ഒന്നാമതെത്താനും അവർക്കായി.
ദുർബലരായ ദിജോനെതിരെ 3-1 നു ജയിച്ച പി.എസ്.ജി ഇതോടെ ഗോൾ വ്യത്യാസത്തിൽ നീസിനെ മറികടന്ന് രണ്ടാമതെത്തി. ഗോളടിച്ച് കൂട്ടുന്ന കവാനിക്ക് പുറമെ തിയാഗോ സിൽവ, ലൂകാസ് എന്നിവരാണ് പി.എസ്.ജിക്കായി ലക്ഷ്യം കണ്ടത്. മടങ്ങി വരവിലെ തന്റെ മാഴ്സെ അരങ്ങേറ്റം പരാജയത്തോടെയാണ് ദിമിത്രി പയറ്റ് തുടങ്ങിയത്. 82 മത്തെ മിനിറ്റിൽ ജോഫ്ര നേടിയ ഗോളിലാണ് ദുർബലരായ മെറ്റ്സ് മാഴ്സെയെ അട്ടിമറിച്ചത്. ലീഗിൽ ആദ്യ നാല് ലക്ഷ്യമിടുന്ന കരുത്തരായ ലിയോൺ നാളെ പുലർച്ചെ മത്സരത്തിനിറങ്ങും.