
ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ മത്സരത്തിനാവും തിങ്കളാഴ്ച്ച പുലർച്ചെ 1.30 തിനു അരങ്ങുയരുക. സമീപകാലത്ത് പഴയ പ്രതാപത്തിന്റെ നിഴയിലാണ് മാഴ്സെയെങ്കിലും മത്സരം തീപാറും. ബാഴ്സയെ ചാമ്പ്യൻസ് ലീഗിൽ തകർത്തുവെങ്കിലും ലീഗിൽ കഴിഞ്ഞ കളിയിൽ പി.എസ്.ജി സമനില വഴങ്ങിയത് അവരുടെ സ്ഥിരതയില്ലായ്മ എടുത്ത് കാണിക്കുന്നു. മികച്ച ഫോമിലുള്ള കവാനി, ട്രാക്സ്ലർ, ഡി മരിയ തുടങ്ങിയവരടങ്ങിയ മാരക അക്രമണമാണ് പി.എസ്.ജിയുടെ പ്രധാന ശക്തി. ലീഗിൽ മൊണാക്ക, നീസ് ടീമുകളിൽ നിന്ന് കനത്ത വെല്ലുവിളി നേരിടുന പി.എസ്.ജിക്ക് ഇന്ന് ജയം നിർബന്ധമാണ്. മറുവശത്ത് ക്യാപ്റ്റൻ ഗോമസ്, ദ്രിമിത്രി പയറ്റ് എന്നിവരടങ്ങുന്ന മാഴ്സെ സ്വന്തം മൈതാനത്ത് ഒരട്ടിമറിയാവും ലക്ഷ്യമിടുക. സീസണിൽ മുമ്പ് ഏറ്റ് മുട്ടിയപ്പോൾ പാരീസിൽ സമനില നേടിയതും മാഴ്സയ്ക്ക് ആത്മവിശ്വാസം നൽകും. ലീഗിൽ ഇന്ന് രാത്രി 9.30 തിനു നടക്കുന്ന മത്സരത്തിൽ ദുർബലരായ മെറ്റ്സിനെതിരെ ജയമാവും ലിയോൺ ലക്ഷ്യമിടുക. ലീഗിൽ ആദ്യ നാലാണ് അവരുടെ ലക്ഷ്യം.
ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മൊണാക്ക, നീസ് ടീമുകൾ 2-1 എന്ന ഗോളിന് ജയം കണ്ടു. മോണ്ടേപെല്ലിയറിനെതിരെ 1 ഗോളിന് പിറകിൽ നിന്ന ശേഷമാണ് നീസ് ജയം പിടിച്ചെടുത്തത്. ബിഹാന്റെ ഇരട്ട ഗോളാണ് നീസിന് ജയമൊരുക്കിയത്. ഇതോടെ ലീഗിൽ പി.എസ്.ജിയെ മറികടന്ന് രണ്ടാമതെത്താനും അവർക്കായി. കരുത്തരായ ഗുനിയാമ്പിനെതിരെ സമാനമായ ഗോളിനാണ് മൊണാക്കയും ജയം കണ്ടത്. പനേഗ കിക്കിലൂടെ ഫാബിയാനോയും വലൻ കാലൻ വോളിയിലൂടെ ഗിലിക്കുമാണ് മൊണാക്കയുടെ ഗോളുകൾ നേടിയത്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാനും മൊണാക്കോക്കായി.