ആരാധകനെ ചവിട്ടിയ എവ്‌റക്ക് 7 മാസം വിലക്ക്, ക്ലബ്ബിന് പുറത്ത്

പട്രീസ് എവ്റയുടെ മർസെല്ലേ കരിയറിന് അന്ത്യം.  താരവുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കിയതോടെയാണ് 36 കാരൻ ഫ്രഞ്ച് ഡിഫൻഡർ ക്ലബ്ബിന് പുറത്തായത്. ആരാധകനെ തലയിൽ ചവിട്ടിയതിനാണ് ക്ലബ്ബ് താരത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്. 7 മാസത്തേക്ക് താരത്തിന് യൂറോപ്യൻ ഫുട്ബാൾ കളിക്കാൻ പാടില്ല എന്ന് യുവേഫ നടപടി എടുത്തിന് പിന്നാലെയാണ്  ക്ലബ്ബ് താരത്തെ പുറത്താക്കാൻ തീരുമാനിച്ചത്. പതിനായിരം യൂറോ പിഴയും താരം  നൽകേണ്ടി വരും.

കഴിഞ്ഞ ആഴ്ച്ച മാർസെല്ലേയുടെ യൂറോപ്പ ലീഗ് മത്സരത്തിന് മുന്നോടിയായാണ് എവ്റയുടെ ജോലി കളഞ്ഞ സംഭവം നടന്നത്. വംശീയമായി അധിക്ഷേപിച്ച സ്വന്തം ആരാധകനെ തലയിൽ ചവിട്ടിയ താരത്തെ മത്സരത്തിന് മുൻപ് തന്നെ ചുവപ്പ് കാർഡ് നൽകി പുറത്താക്കിയിരുന്നു. പിന്നീട്‌ താരത്തെ സസ്‌പെൻഡ് ചെയ്ത ക്ലബ്ബ് ഇന്ന് ഔദ്യോഗിക പത്ര കുറിപ്പിലാണ് താരവുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ച വിവരം അറിയിച്ചത്. 36 കാരനായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ എവ്‌റ ഈ വർഷം ജനുവരിയിലാണ് മാർസെല്ലേയിൽ ചേർന്നത്. 18 മാസത്തെ കരാറിൽ എത്തിയ താരം പക്ഷെ കേവലം 10 മാസങ്ങൾക്ക് ശേഷം വിവാദങ്ങൾകൊടുവിൽ ക്ലബ്ബ് വിടേണ്ടി വരികയാണ്.

2006 മുതൽ 2014 വരെ യുണൈറ്റഡിൽ കളിച്ച താരം പിന്നീട് 2 സീസണുകളിൽ യുവന്റസിന് വേണ്ടി കളിച്ച ശേഷമാണ് മാർസെല്ലേയിൽ എത്തിയത്. പ്രതാപ കാലത്ത് ലോകത്തിലെ തന്നെ മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായിരുന്ന എവ്‌റ മാർസെല്ലേയിൽ പക്ഷെ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. കരിയറിന്റെ അവസാനം ലഭിച്ച വിലക്കിന് ശേഷവും കളി തുടരുമോ എന്നത് താരം വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial