ലില്ലെയുടെ ഫ്രഞ്ച് വിപ്ലവം!! പി എസ് ജിക്ക് കണ്ണീർ മാത്രം!

Img 20210524 014148
- Advertisement -

ഫ്രാൻസിൽ ഒരു വിപ്ലവം തന്നെ സംഭവിച്ചു എന്ന് തന്നെ പറയാം. ലോകത്തെ തന്നെ ഏറ്റവും സമ്പന്ന ക്ലബായ പി എസ് ജിയെ ഒരു സീസൺ മുഴുവനായുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തി കൊണ്ട് ലില്ലെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി. നെയ്മറും എമ്പപ്പെയും ഡി മറിയയും ഇക്കാർഡിയും ഒക്കെ ഉള്ള പി എസ് ജി രണ്ടാമത് ഫിനിഷ് ചെയ്യേണ്ടതായും വന്നു. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ ആംഗേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് ലില്ല കിരീടം സ്വന്തമാക്കിയത്.

2010-11 സീസണിലാണ് ഇതിനു മുമ്പ് ലില്ല ലീഗ വൺ കിരീടം ഉയർത്തിയത്. അവസാന എട്ടു സീസണുകളിൽ ഏഴു തവണയും പി എസ് ജി ആയിരുന്നു ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തിയത്. ഇന്ന് വിജയിച്ചാൽ മാത്രമേ ലില്ലക്ക് കിരീടം ഉറപ്പാക്കാൻ ആവുമായിരുന്നുള്ളൂ. എന്നാൽ അത്തരം സമ്മർദ്ദത്തിൽ ഒന്നും ലില്ല പതറാതെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം അവർ നേടി. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി സമ്മർദ്ദങ്ങൾ മറികടക്കാൻ അവർക്ക് ആയി.

പത്താം മിനുട്ടിൽ ജോണതൻ ഡേവിഡിന്റെ വക ആയിരുന്നു ലില്ലയുടെ ആദ്യ ഗോൾ. ഡേവിഡിന്റെ സീസണിലെ 13ആം ലീഗ് ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു പെനാൾട്ടിയിലൂടെ യിൽമാസ് ലില്ലയുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. യിൽമാസിന്റെ 16ആം ലീഗ് ഗോളായിരുന്നു അത്. രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന് കൊണ്ട് ലില്ല കിരീടം ഉറപ്പിക്കുകയായിരുന്നു.

ലില്ലയുടെ തൊട്ടു പിറകിൽ ഉണ്ടായിരുന്ന പി എസ് ജി ഇന്ന് ബ്രെസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി. തുടക്കത്തിൽ നെയ്മർ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തി എങ്കിലും ഡി മറിയയുടെ ഒരു ഒളിമ്പിക് ഗോളും എമ്പപ്പെയുടെ രണ്ടാം പകുതിയിലെ ഗോളും പി എസ് ജിക്ക് വിജയം നൽകുകയായിരുന്നു.

ഇന്നത്തെ വിജയത്തോടെ 83 പോയിന്റുമായാണ് ലില്ല ഒന്നാമത് ഫിനിഷ് ചെയ്ത് കിരീടം നേടിയത്. 82 പോയിന്റുമായി പി എസ് ജി രണ്ടാമതും ഫിനിഷ് ചെയ്തു. പി എസ് ജിക്ക് കിരീടം നേടാൻ ആവാത്തത് പരിശീലകൻ പോചടീനോയുടെ ഭാവിയെ ബാധിക്കും. ചാമ്പ്യൻസ് ലീഗിലും പി എസ് ജിക്ക് ഇത്തവണ നിരാശ ആയിരുന്നു സമ്പാദ്യം. ഇന്നത്തെ കിരീടം ലില്ലയുടെ നാലാം ലീഗ് കിരീടം മാത്രമാണ്. 1945-46, 1953-54, 2010-11 എന്നീ സീസണുകളിലാണ് മുമ്പ് ലില്ല കിരീടം നേടിയിട്ടുള്ളത്.

Advertisement