ഫ്രാൻസിൽ നീസ്, പി.എസ്.ജി കുതിക്കുന്നു, മൊണാക്കോക്ക് അപ്രതീക്ഷിത സമനില

- Advertisement -

ലീഗ് വണ്ണിൽ നീസ്, മൊണാക്കോ ടീമുകൾ ചാമ്പ്യന്മാരായ പാരിസ് സെൻ്റ് ജെർമ്മനു കനത്ത ഭീക്ഷണി തന്നെ ഉയർത്തുകയാണ്. ലീഗിൽ 15 മത്സരങ്ങൾ പിന്നിടുമ്പോൾ നീസ് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ഗുൻഗാമ്പിനെതിരെ പൊരുതിയാണ് നീസ് വിജയം നേടിയത്. മുൻ മത്സരത്തിലെ സമനില മനസ്സിലുണ്ടായ അവർ ആദ്യ പകുതിയുടെ തുടക്കത്തിൽ ബെൽഹാൻഡ വലൻ കാലൻ അടിയിലൂടെ നേടിയ ഗോളിലാണ് വിജയം കണ്ടത്. ഇതോടെ നീസിന് ലീഗിൽ 36 പോയിൻ്റായി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ആൻജേർസിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പി.എസ്.ജി മറികടന്നത്. പി.എസ്.ജിക്കായി തിയാഗോ സിൽവ, എഡിസൺ കവാനി എന്നിവർ ഗോളുകൾ നേടി. സീസണിൽ മിന്നും ഫോമിലുള്ള കവാനി പെനാൾട്ടിയിലൂടെ സീസണിലെ 19 മത്തേതും പി.എസ്.ജിക്കായി തൻ്റെ നൂറാമത്തേതും ഗോളാണ് നേടിയത്. തൻ്റെ നൂറാം ഗോൾ വിമാനാപകടത്തിൽ മരിച്ച ചാപൻഗോൻസെ താരങ്ങൾക്ക് സമർപ്പിച്ച് കൊണ്ടായിരുന്നു കവാനിയുടെ ഗോൾ ആഘോഷം. ഇതോടെ നീസിന് ഒരു പോയിൻ്റ് പിറകെ രണ്ടാമതെത്താൻ പി.എസ്.ജിക്കായി. എന്നാൽ 87 മിനിറ്റിൽ ദിജോനെതിരെ വഴങ്ങിയ ഗോളാണ് മൊണാക്കോക്ക് വില്ലനായത്. ഈ സമനിലയോടെ അവർ 33 പോയിൻ്റുമായി മൂന്നാമതായി. നാൻ്റ്സിനെ എതിരില്ലാത്ത 6 ഗോളിന് തകർത്ത ലിയോൺ ലീഗിൽ നാലാം സ്ഥാനത്തേക്ക് കേറി. ലിയോണായി സൂപ്പർ താരം ലാസെറ്റെ, വാൽബേന, ഫെകിർ എന്നിവർ ഗോൾ നേടി. ലീഗിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ മാഴ്സ വീണ്ടും ഗോൾ രഹിത സമനില വഴങ്ങി. സീസണിൽ മോശം ഫോം തുടരുന്ന മാഴ്സ ഇപ്പോൾ ലീഗിൽ 11 സ്ഥാനത്താണ്.

Advertisement