ലീഗ് വണ്ണിൽ പി.എസ്.ജി മൊണാക്കോ സൂപ്പർ പോരാട്ടം

ലീഗ് വണ്ണിൽ ഒന്നാമതുള്ള മൊണാക്കോയും നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും തമ്മിലുള്ള സൂപ്പർ പോരാട്ടം തന്നെയാവും ഈ ആഴ്ച്ചയെ ശ്രദ്ധേയമാക്കുന്നത്. പി.എസ്.ജിയേക്കാൾ 3 പോയിന്റ് മാത്രം മുകളിലുള്ള മൊണാക്കോ മിന്നും ഫോമിലാണ്. ഗോളടിച്ച് കൂട്ടുന്ന ക്യാപ്റ്റൻ ഫാൽക്കാവോ അടങ്ങുന്ന മുന്നേറ്റം തന്നെയാണ് മൊണാക്കോയുടെ പ്രധാന ശക്തി. ജൂലിയൻ ട്രാക്സ്ലറുടെ വരവോടെ ഇരട്ടി ശക്തി നേടിയ പി.എസ്.ജിയും ഫോമിലെത്തിയിട്ടുണ്ട്. ലീഗിലെ ടോപ്പ് സ്കോററായ കവാനി തന്നെയാണ് പി.എസ്.ജിയുടെ പ്രധാന കരുത്ത്. ലുകാസ്, ഡി മരിയ, വെറാറ്റി തുടങ്ങിയ വലിയ താരങ്ങളുടെ പ്രകടനമാവും പി.എസ്.ജിക്ക് നിർണ്ണായകമാവുക. സീസണിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ പി.എസ്.ജിയെ തകർത്ത മൊണാക്കോ ആത്മവിശ്വാസത്തിലാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 1.30 തിനാണ് ഈ സൂപ്പർ പോരാട്ടം. ലീഗിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30 തിനു നടക്കുന്ന മത്സരത്തിൽ ലീഗിൽ രണ്ടാമതുള്ള നീസിന് ഏഴാമതുള്ള ഗുനിയാമ്പാണ് എതിരാളികൾ. കിരീടം തന്നെ ലക്ഷ്യമിടുന്ന ബലോട്ടല്ലിയും സംഘവും സമീപകാലത്തെ മോശം ഫോം മറികടക്കാനാവും ഇന്ന് ശ്രമിക്കുക.

ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ കരുത്തരായ ലിയോണെ ലില്ലി അട്ടിമറിച്ചതാണ് ശ്രദ്ധേയമായ പ്രകടനം. അത്ര കരുത്തരായ ലില്ലിക്കെതിരെ 2-1 നാണ് ലിയോണിന്റെ തോൽവി. ഇതോടെ ലിയോണിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വപ്നങ്ങൾക്ക് കനത്ത മങ്ങലാണേറ്റത്. മറ്റൊരു മത്സരത്തിൽ മുൻ സ്വാൻസി താരമായ ക്യാപ്റ്റൻ ഗോമിസിന്റെ ഹാട്രിക്ക് മികവിൽ കരുത്തരായ മാഴ്സ മോണ്ടെപെല്ലിയെരെ 5-1 നു തകർത്തു. ആദ്യ നാലാം സ്ഥാനം ലക്ഷ്യമിടുന്ന മാഴ്സയെ സംബന്ധിച്ച് വളരെ പ്രധാനമാണ് ഈ ജയം. ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് മാഴ്സ. ലീഗിലെ മറ്റ് മത്സരങ്ങളിൽ ബോർഡെക്സ്, ആഞ്ചേർസ് ടീമുകളും ജയം കണ്ടു.

Previous articleഓള്‍റൗണ്ട് പ്രകടനത്തിലൂടെ കേരളത്തിനു വിജയത്തുടക്കം
Next articleആദരാഞ്ജലികൾ! പ്രിയ രാജീവൻ നായർ!