കാത്തിരുന്ന ഗോൾ പിറന്നു,മെസ്സിയുടെ മനോഹര ഗോൾ! പത്ത് പേരായിട്ടും ജയം പിടിച്ചെടുത്തു പി.എസ്.ജി

20211120 235110

ഫ്രഞ്ച് ലീഗ് വണ്ണിൽ ഒടുവിൽ ലയണൽ മെസ്സി തന്റെ ഗോൾ വേട്ട ആരംഭിച്ചു. നാന്റ്സിന് എതിരായ മത്സരത്തിൽ ആണ് മെസ്സി തന്റെ ഗോൾ വേട്ട ആരംഭിച്ചു പി.എസ്.ജിയെ ജയത്തിൽ എത്തിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു പാരീസിന്റെ ജയം. മത്സരത്തിൽ ഗോൾ അവസരം ഒരുക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് സമാസമം നിന്ന മത്സരത്തിൽ പന്ത് പി.എസ്.ജി തന്നെയാണ് കൂടുതൽ നേരവും കൈവശം വച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ പി.എസ്.ജി മത്സരത്തിൽ മുന്നിലെത്തി. പാർഡസിന്റെ പാസിൽ നിന്നു കിലിയൻ എമ്പപ്പെയാണ് പാരീസിന് ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാൽ തുടർന്ന് ആക്രമണങ്ങൾ തുടർന്നു എങ്കിലും ആദ്യ പകുതിയിൽ പി.എസ്.ജിക്ക് ഗോൾ നേടാൻ ആയില്ല.

രണ്ടാം പകുതിയിൽ പക്ഷെ 65 മത്തെ മിനിറ്റിൽ ഗോൾ കീപ്പർ കെയിലർ നവാസ് ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയത് പി.എസ്.ജിയെ ഞെട്ടിച്ചു. നെയ്മറിന് പകരമിറങ്ങിയ സെർജിയോ റിക്കോ ആണ് പിന്നീട് പി.എസ്.ജി വല കാത്തത്. 76 മത്തെ മിനിറ്റിൽ ഇത് മുതലെടുത്ത രാൻഡൽ കോലോ നാന്റ്സിന് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 5 മിനിറ്റിനകം ഡെന്നിസ് അപ്പിയ സെൽഫ് ഗോൾ വഴങ്ങിയതോടെ പാരീസ് വീണ്ടും മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് പ്രത്യാക്രമണത്തിൽ 87 മത്തെ മിനിറ്റിൽ എമ്പപ്പെയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് മനോഹരമായ ഒരു ഗോളോടെ മെസ്സി പാരീസ് ജയം പൂർത്തിയാക്കുക ആയിരുന്നു. 2021 ൽ മാത്രം ബോക്സിന് പുറത്ത് നിന്ന് മെസ്സി നേടുന്ന 15 മത്തെ ഗോൾ ആയിരുന്നു ഇത്. പി.എസ്.ജിക്ക് ആയി ലീഗിൽ ഗോൾ നേടുന്ന 17 മത്തെ അർജന്റീന താരവും ആയി മെസ്സി. ടീമിനെ ഗോളടിച്ചു വിജയിപ്പിക്കാൻ ആയത് മെസ്സിക്ക് സമ്മർദ്ദം കുറക്കും എന്നുറപ്പാണ്.

Previous articleഡീൻ സ്മിത്ത് യുഗത്തിന് നോർവിച്ചിൽ ജയത്തോടെ തുടക്കം
Next articleആൻഫീൾഡിൽ വീണ്ടും ആഴ്‌സണൽ വധം, വമ്പൻ ജയം എന്ന പതിവ് തുടർന്ന് ലിവർപൂൾ!