
കടുത്ത ലീഗ് വൺ ആരാധകർ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത കിരീട പോരാട്ടത്തിനാണ് ഫ്രാൻസ് ഇത്തവണ വേദിയാകുന്നത്. പി.എസ്.ജി, മൊണാക്ക, നീസ് എന്നീ ടീമുകളും കടുത്ത പോരാട്ടമാണ് കിരീടത്തിനായി നടത്തുന്നത്. 55 പോയിൻ്റുള്ള മൊണാക്കക്ക് തൊട്ട് പിറകെ 52 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലായി പി.എസ്.ജി, നീസ് ടീമുകളുണ്ട്. ശനിയാഴ്ച്ച പുലർച്ചെ 1.15 നു നടക്കുന്ന മത്സരത്തിൽ ലീഗിൽ ഏഴാമതുള്ള ബോർഡക്സാണ് പി.എസ്.ജിയുടെ എതിരാളികൾ. ലീഗിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുന്ന അവർ 2017 ൽ ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ നേരിടാനൊരുങ്ങുന്ന പി.എസ്.ജി വലിയ ജയമാവും ലക്ഷ്യമിടുക. മികവ് പുലർത്തുന്ന ലൂകാസ്, ട്രാക്സ്ലർ എന്നിവർക്ക് പുറമെ ഗോളടിച്ച് കൂട്ടുന്ന എഡിസൺ കവാനിയിലാണ് പി.എസ്.ജിയുടെ വലിയ പ്രതീക്ഷകൾ.
ഞായറാഴ്ച്ച പുലർച്ചെ 12.30 തിനു നടക്കുന്ന മത്സരത്തിൽ താരതമ്യേന ദുർബലമായ മെറ്റ്സാണ് മൊണാക്കയുടെ എതിരാളികൾ. ക്യാപ്റ്റൻ ഫാൽക്കാവോയും ജെർമനും അടങ്ങുന്ന മുന്നേറ്റം യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ ഗോളടിച്ച് കൂട്ടിയ സംഘമാണ്. ചാമ്പ്യൻസ് ലീഗ് മത്സരത്തിനൊരുങ്ങുന്ന മൊണാക്കയും വലിയ ജയം തന്നെയാവും ലക്ഷ്യമിടുക. ലീഗിൽ ആദ്യ നാലിലെത്താൻ ശ്രമിക്കുന്ന ലിയോണു ഒമ്പതാം സ്ഥാനത്തുള്ള ഗുനിയാമ്പാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിലെ വലിയ ജയം ആവർത്തിക്കാനാവും ലിയോൺ ശ്രമം. ശനിയാഴ്ച്ച രാത്രി 9.30തിനാണ് ഈ മത്സരം നടക്കുക. ടെൻ നെറ്റ്വർക്കിൽ ലീഗ് വൺ മത്സരങ്ങൾ തൽസമയം കാണാവുന്നതാണ്