ഫാൽകാവോ ഗോളടി തുടരുന്നു, ഒളിമ്പിക് മാർസെയെ നാണംകെടുത്തി മൊണാക്കോ

പി എസ് ജി എത്ര കോടികൾ മുടക്കിയാലും തങ്ങളുടെ എത്ര താരങ്ങൾ ക്ലബു വിട്ടു പോയാലും മൊണാക്കോയ്ക്ക് ഒരു കുലുക്കവുമില്ല. ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ ഒളിമ്പിക് മാർസെയുടെ വലയിൽ ആറു ഗോളുകളാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ അടിച്ചു കയറ്റിയത്. ഇന്നത്തെ 6-1ന്റെ വിജയത്തോടെ നാലാം ലീഗ് മത്സരവും വിജയിച്ച് പി എസ് ജിയുടെ ഒപ്പം ഒന്നാമതെത്തി മൊണാക്കോ.

സീസണിൽ എംബപ്പയുടെ അഭാവം അറിയിക്കാതെ മൊണാക്കോയെ നയിക്കുന്ന ഫാൽകാവോ തന്നെയാണ് ഇന്നും മൊണാക്കോയുടെ താരമായത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഫാൽകാവോ സീസണിൽ നാലു മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ തന്റെ പേരിലാക്കി. കവാനിയുടെ 5 ഗോൾ മറികടന്ന് ലീഗിലെ ടോപ്പ് സ്കോറർ പദവിയും ഫാൽകാവോ ഇന്ന് സ്വന്തമാക്കി.

ഫാനിനോ, അഡാമ, സിഡിബി എന്നിവരാണ് മൊണാക്കോയുടെ ഇന്നത്തെ മറ്റു സ്കോറേഴ്സ്. മൊണാക്കോയുടെ ലീഗ 1ലെ തുടർച്ചയായ പതിനാറാം വിജയമാണിത്. ഒളിമ്പിക് മാർസെയുടെ 1997നു ശേഷമുള്ള ഏറ്റവും വലിയ പരാജയവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave a Comment