കവാനിയേയും നെയ്മറിനേയും പിറകിലാക്കി ഫ്രഞ്ച് ലീഗിൽ ഫാൽക്കാവോ കുതിപ്പ്

ഫാൽക്കാവോ തന്റെ മിന്നും ഫോം തുടരുകയാണ്. കവാനിയിലും നെയ്മാറിലും കേന്ദ്രീകരിച്ച് ചർച്ചചെയ്യപ്പെടുന്ന ഫ്രഞ്ച് ലീഗിൽ പക്ഷെ യഥാർത്ഥ താരമായി മാറിയിരിക്കുന്നത് ഫാൽക്കാവോ ആണ്. ഇന്നലെ ലില്ലക്കെതിരെ നേടിയ ഇരട്ട ഗോളുകളോടെ ഫ്രഞ്ച് ലീഗിൽ വെറും ഏഴു മത്സരങ്ങളിൽ നിന്നായി 11 ഗോളുകളായി ഫാൽക്കാവോയുടെ പേരിൽ. യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ തന്നെ ഈ സീസണിൽ 10ൽ കൂടുതൽ ഗോൾ നേടിയ ഒരേയൊരു താരവുമായി മാറിയിരിക്കുകയാണ് ഫാൽക്കാവോ.

സീസണിൽ 12 ഷോട്ട് ടാർഗറ്റിലേക്ക് ഉതിർത്ത ഈ മൊണാക്കോ സ്ട്രൈക്കർ അതിൽ 11 ഷോട്ടുകളും ഗോളാക്കി മാറ്റുകയായിരുന്നു. ഫ്രഞ്ച് ലീഗിലെ 17 ടീമുകളും ഫാൽക്കാവോ അടിച്ച 11 ഗോളുകളിൽ കുറവ് മാത്രമേ സീസണിൽ ഇതുവരെ നേടിയിട്ടുമുള്ളൂ എന്നതും കൗതുകമാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ലില്ലയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മൊണാക്കോ പരാജയപ്പെടുത്തി. ഫാൽക്കാവോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗെസലും ജോവറ്റിചും ഒരോ ഗോൾ വീതം നേടി. ജയത്തോടെ പി എസ് ജിയുടെ ഒപ്പം 18 പോയന്റായി മൊണാക്കോയ്ക്ക്. പക്ഷെ പി എസ് ജി ഒരു മത്സരം കുറവാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial