കവാനിക്ക് ഇരട്ട ഗോൾ, തുടർച്ചയായ നാലാം ജയത്തോടെ പി.എസ്.ജി

- Advertisement -

ഇരട്ട ഗോളുകളോടെ കവാനി തിളങ്ങിയ മത്സരത്തിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പി.എസ്.ജി സെന്റ് എറ്റിയനെ പരാജയപ്പെടുത്തി. ലീഗ് 1ൽ പി.എസ്.ജിയുടെ തുടർച്ചയായ നാലാമത്തെ വിജയാമാണ്. ലീഗിൽ സെന്റ് എറ്റിയന്റെ ആദ്യത്തെ തോൽവിയാണ്. 20ആം മിനുട്ടിൽ കവാനിയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. കവാനിയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി കവാനി തന്നെയാണ് ഗോളാക്കി മാറ്റിയത്.  തുടർന്ന് മത്സരത്തിൽ കൂടുതൽ സമയം ബോൾ കൈവശം വെച്ചെങ്കിലും ആദ്യ പകുതിയിൽ കൂടുതൽ ഗോൾ നേടാൻ പി.എസ്.ജിക്കായില്ല.

രണ്ടാം പകുതിയുടെ 51ആം മിനുട്ടിൽ തിയാഗോ മൊട്ടയിലൂടെ പി.എസ്.ജിയുടെ ലീഡ് ഇരട്ടിയാക്കി. നെയ്മർ പെനാൽറ്റി ബോക്സിലേക്ക് തൊടുത്ത ഫ്രീ കിക്കിൽ മാർക്വിഞ്ഞോസ് നൽകിയ പാസിൽ നിന്നാണ് മൊട്ട ഗോൾ നേടിയത്.  തുടർന്ന് ഡി മരിയയുടെ മനോഹരമായ ഫ്രീ കിക്ക്‌ പോസ്റ്റിൽ തട്ടി തെറിച്ചു. എന്നാൽ കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഡ്രാക്സ്ലർ നൽകിയ പാസിൽ നിന്ന് കവാനി പി.എസ.ജിയുടെ വിജയമുറപ്പിച്ച ഗോൾ നേടി. ഇതുവരെ കളിച്ച എല്ലാ മത്സരത്തിലും ഗോൾ നേടിയ കവാനി മികച്ച ഫോമിലാണ്.  മത്സരത്തിലുടനീളം സെന്റ് എറ്റിയൻ താരങ്ങളെ വട്ടം കറക്കിയ നെയ്മർക്ക് ഗോൾ മാത്രം നേടാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement