ചുവപ്പ് കാർഡ് ശീലമാക്കി ബലോട്ടല്ലി, എങ്കിലും നീസ് ജയിച്ചു

- Advertisement -

ലോക ഫുട്ബോളിലെ ഏറ്റവും അച്ചടക്കമില്ലാത്ത ഫുട്ബോളറെന്ന ചീത്തപ്പേര് മാറ്റാൻ ബലോട്ടല്ലിക്ക് ഉടനെയെങ്ങും ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലോറിയെൻ്റിനെതിരെ 68 മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട ബലോട്ടല്ലി ഇത് ലീഗിൽ മൂന്നാം തവണയാണ് റഫറിയുടെ ശിക്ഷക്ക് വിധേയനാകുന്നത്. 10 പേരായി ചുരുങ്ങിയെങ്കിലും സൈപ്രസിൻ്റെ ഏക ഗോളിൽ നീസ് ജയം കണ്ടത്തുകയായിരുന്നു. ജയത്തോടെ ലീഗിൽ പി.എസ്.ജിയെ മറികടന്ന് രണ്ടാമതെത്താനും അവർക്കായി. അതേ സമയം ദുർബലരായ ബാസ്റ്റിയക്കെതിരെ സമനില വഴങ്ങിയ മൊണാക്കോ ലീഗിൽ ലീഡുയർത്താനുള്ള സുവർണ്ണാവസരം കളഞ്ഞു കുളിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച മത്സരത്തിൽ വിജയഗോൾ മാത്രം മൊണാക്കയിൽ നിന്നകന്ന് നിന്നു. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുന്ന മൊണാക്കക്ക് അത്ര നല്ല സൂചനയല്ല ഈ പ്രകടനം നൽകുന്നത്.

ലീഗിലെ മറ്റ് മത്സരങ്ങളിൽ കരുത്തരായ മാഴ്സ റെണ്ണേർസിനെ ഏകപക്ഷീയമായ 2 ഗോളിന് മറികടന്നപ്പോൾ ആഞ്ചേർസ്, ലില്ലി ടീമുകളും ജയം കണ്ടു. ലീഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ കരുത്തരായ ലിയോൺ ദിജോണെ നേരിടും. ആദ്യ നാല് ലക്ഷ്യമിടുന്ന ലിയോണ് ഈ മത്സരം പ്രധാനമാണ്. അതേ സമയം ടൗലോസെസാണ് പി.എസ്.ജിയുടെ എതിരാളികൾ. ലീഗിൽ ഒമ്പതാമതുള്ള എതിരാളികൾക്കെതിരെ വലിയ ജയമാവും പി.എസ്.ജി ലക്ഷ്യമിടുക. ബാഴ്സയെ തകർത്ത് വരുന്ന അവർ മികച്ച ഫോമിലുമാണ്. തിങ്കളാഴ്ച്ച പുലർച്ചെ 1.30 തിനു നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ ലീഗിൽ മൊണാക്കയുമായുള്ള പോയിന്റ് വ്യത്യാസം വെറും 1 പോയിൻ്റായി കുറച്ച് ലീഗിൽ രണ്ടാമതെത്താനും പി.എസ്.ജിക്കാവുന്നതാണ്.

Advertisement