എമ്പപ്പെയ്ക്കും നെയ്മറിനും ഗോൾ, ചാമ്പ്യൻസ് ലീഗ് പരാജയം മറന്ന് പി എസ് ജിക്ക് വിജയം

ചാമ്പ്യൻസ് ലീഗിലെ നിരാശ മറന്ന് പി എസ് ജിക്ക് വിജയം. ഇന്ന് ബോർഡക്സിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മൂന്ന് പോയിന്റ് ലഭിച്ചു എങ്കിലും മെസ്സിയും നെയ്മറും ആരാധകരുടെ കൂവലിന് ഇരയായയത് പി എസ് ജി ടീമിനെയും ബോർഡിനെയും നിരാശയിലാക്കും. ഇന്ന് തുടക്കത്തിൽ തന്നെ എമ്പപ്പെയിലൂടെ ആണ് പി എസ് ജി ലീഡ് എടുത്തത്.

24ആം മിനുട്ടിൽ വൈനാൾഡത്തിന്റെ പാസിൽ നിന്നായിരുന്നു എമ്പപ്പെയുടെ ഗോൾ. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ നെയ്മർ ലീഡ് ഇരട്ടിയാക്കി. നെയ്മർ ഗോളടിച്ചപ്പോഴും പല പി എസ് ജി ആരാധകരും കൂവുന്നുണ്ടായിരുന്നു. 61ആം മിനുട്ടിൽ പരെദസ് മൂന്നാം ഗോളും കൂടെ നേടിയതോടെ പി എസ് ജി മൂന്ന് പോയിന്റ് ഉറപ്പിച്ചു. 28 മത്സരങ്ങളിൽ 65 പോയിന്റുമായി പി എസ് ജി ബഹുദൂരം മുന്നിലാണ് ഇപ്പോൾ.