സി കെ വിനീതിന്റെ പഴയ ജേഴ്സി ഇനി ലിയോൺ അഗസ്റ്റിന്

ബെംഗളൂരു എഫ് സിയിലെ ഭാവി മലയാളി വാഗ്ദാനം ലിയോൺ അഗസ്റ്റിന്റെ പുതിയ ജേഴ്സി നമ്പറിന് ഒരു പ്രത്യേകത ഉണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ സൂപ്പർ താരം സി കെ വിനീത് ബെംഗളൂരു എഫ് സിയിൽ അണിഞ്ഞ 31ആം ജേഴ്സി ആണ് ഇനി മുതൽ ലിയോൺ അഗസ്റ്റിൻ അണിയുക. ഇന്ന് മാൽഡീവ്സിൽ എ എഫ് സി കപ്പ് മത്സരത്തിന് ഇറങ്ങുന്ന ബെംഗളൂരു സ്ക്വാഡിനൊപ്പം ഉള്ള ഏക മലയാളിയും ലിയോണാണ്.

ബെംഗളൂരു എഫ് സി വളർത്തികൊണ്ട് വരുന്ന താരങ്ങളിൽ ഏറ്റവും പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന താരമാണ് ലിയോൺ. ബെംഗളൂരുവിന്റെ ജൂനിയർ ടീമുകളുടെ നായകനായി തിളങ്ങിയിട്ടുള്ള ലിയോൺ അടുത്തിടെ നടന്ന സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കായും കളിച്ചിരുന്നു. മുമ്പും ബെംഗളൂരു സീനിയർ ടീമിന്റെ ഭാഗമായിട്ടുണ്ട് ലിയോൺ. ഇന്നെങ്കിലും ലിയോണിന്റെ അരങ്ങേറ്റം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ബെംഗളൂരു എഫ് സിയിൽ 31ആം ജേഴ്സി അണിഞ്ഞായിരുന്നു സി കെ വിനീത് തിളങ്ങിയത്. അവസാനം ഫെഡറേഷൻ കപ്പ് ഫൈനലിൽ രണ്ട് ഗോളടിച്ച് കപ്പുയർത്തുമ്പോഴും സി കെയുടെ ജേഴ്സി നമ്പർ 31 ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോഴാണ് സികെ ജേഴ്സി നമ്പർ 13 ആക്കിയത്. 31ആം നമ്പർ ജേഴ്സിയിൽ സി കെ കാണിച്ച മികവ് ലിയോണും കാണിക്കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial