ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് ടീമിൽ മലയാളി ലിയോൺ അഗസ്റ്റിൻ

- Advertisement -

സി കെ വിനീതും റിനോ ആന്റോയും അണിഞ്ഞ ബെംഗളൂരു എഫ് സി ജേഴ്സി കാര്യമായി അണിയാൻ ഇനി ലിയോൺ അഗസ്റ്റിനും. ഇതുവരെ ബെംഗളൂരു എഫ് സി റിസേർവ് ടീമിലായിരുന്ന കോഴിക്കോടിന്റെ യുവ ഫോർവേഡ് ബെംഗളൂരു എഫ് സിയുടെ ഒന്നാം ടീമിലേക്ക് എത്തിയിരിക്കുകയാണ്. അടുത്ത ആഴ്ച നടക്കാൻ പോകുന്ന എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിനു വേണ്ടി പ്രഖ്യാപിച്ച ഛേത്രിയും ഉദാന്തയും ഉള്ള ബെംഗളൂരു ടീമിൽ ലിയോൺ അഗസ്റ്റിനും സ്ഥാനം.

കൊറിയൻ സൈനിക ക്ലബിനെതിരായ ആദ്യ പാദ മത്സരത്തിനായി കോച്ച് ആൽബർട്ട് റോക്ക പ്രഖ്യാപിച്ച 25 അംഗ ടീമിലാണ് ലിയോണിന് സ്ഥാനം ലഭിച്ചിരിക്കുന്നത്.

ബെംഗളൂരു എഫ് സിയുടെ പ്രീ സീസൺ മത്സരങ്ങളിൽ സീനിയർ ടീമിനോടൊപ്പം സ്‌പെയിനിലേക്ക് ലിയോൺ അഗസ്റ്റിനും പോയിരുന്നു. അവിടെ പരിശീലന മത്സരങ്ങളിൽ ടീമിന് വേണ്ടി നടത്തിയ പ്രകടനമാണ് കോച്ച് റോക്കയുടെ ശ്രദ്ധ അഗസ്റ്റിനിൽ എത്തിച്ചത്.

കഴിഞ്ഞ അണ്ടർ 18 ഐ ലീഗിൽ ലിയോൺ മികച്ച പ്രകടനം നടത്തിയിരുന്നു. ബെംഗളൂരു യൂത്ത് ടീമിന്റെ ക്യാപ്റ്റനും ആയിട്ടുണ്ട് ലിയോൺ. കോഴിക്കോട് യൂണിവേഴ്‌സൽ സോക്കർ അക്കാദമിയിലൂടെയാണ് ലിയോൺ താരമാകുന്നത്. കഴിഞ്ഞ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺ ടൂർണമെന്റിലെ എമേർജിങ് താരത്തിനുള്ള അവാർഡും ലിയോണിനു ലഭിച്ചിരുന്നു.

അതിനു ശേഷമാണ് ലിയോൺ അഗസ്റ്റിൻ ബെംഗളൂരു എഫ് സിയിൽ എത്തുന്നത്. ദേവഗിരി കോളേജ് താരം എ എഫ് സി കപ്പിലെ അരങ്ങേറ്റത്തിന്റെ അടുത്തെത്തി ഇരിക്കുന്നു എന്നത് മലയാളികൾക്ക് തന്നെ അഭിമാനിക്കാനുള്ള കാര്യമാണ്. സി കെ വിനീതും റിനോ ആന്റോയുടെയും പിൻഗാമിയായി അവർ കീഴടക്കിയതിനേക്കാൾ ഉയരങ്ങൾ ലിയോൺ അഗസ്റ്റിൻ കീഴടക്കും എന്ന് പ്രതീക്ഷിക്കാം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement