റഷ്യയിലേക്ക് ടിക്കറ്റിനായി ലാറ്റിൻ അമേരിക്കയിലെ പ്രമുഖർ ഇറങ്ങുന്നു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ 9താം റൗണ്ട് പോരാട്ടങ്ങളാണ് നാളെ നടക്കുക. അർജൻ്റീന, ബ്രസീൽ, ചിലി, ഉറുഗ്വ, കൊളംബിയ തുടങ്ങി എല്ലാ പ്രമുഖരും നാളെ ഇറങ്ങും.

കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്ക് ആശിച്ച തുടക്കമല്ല ഇത് വരെ ലഭിച്ചത്. യോഗ്യത ഗ്രൂപ്പിൽ 11 പോയിൻ്റുമായി 7 സ്ഥാനത്തുള്ള ചിലിക്ക് നാട്ടിൽ പൊതുവെ ശക്തരായ, യോഗ്യത ഗ്രൂപ്പിൽ 5 മതുള്ള  ഇക്വഡോർ ആണു എതിരാളികൾ. ആർസനലിനായി മിന്നുന്ന ഫോമിലുള്ള അലക്സിസ് സാഞ്ചസ്, ബയേൺ താരം വിദാൽ എന്നിവരിലാണ് ചിലി പ്രതീക്ഷകൾ. പരാജയം ലോകകപ്പ് സ്വപ്നങ്ങളെ ഇല്ലാതാക്കുമെന്ന ബോധ്യത്തോടെ തന്നെയാവും ചിലി ഇറങ്ങുക. വെള്ളിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 2.30 തിനാണ് മത്സരം.

യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതാണ് മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വ. അർജൻ്റീനയോട് വഴങ്ങിയ തോൽവി മറക്കാനാവും ലൂയിസ് സുവാരസും എഡിസൺ കവാനിയും അടങ്ങിയ ടീം ഇറങ്ങുക. യോഗ്യതാ ഗ്രൂപ്പിൽ അവസാനക്കാരാണെങ്കിലും കഴിഞ്ഞ കളിയിൽ അർജൻ്റീനയെ നാട്ടിൽ സമനിലയിൽ കുരുക്കിയ ആത്മവിശ്വാസവുമായാവും വെനുസ്വല ഉറുഗ്വയെ നേരിടാൻ ഇറങ്ങുക. സോളമാൻ റോൻ്റോൻ്റെ മികച്ച ഫോമിലാണ് അവരുടെ പ്രതീക്ഷകൾ. വെള്ളിയാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 4.30 തിനാണ് മത്സരം.

റയൽ മാഡ്രിഡ് ടീമിൽ സ്ഥാനം നിലനിർത്താനാവുന്നെങ്കിലും സൂപ്പർ സ്റ്റാർ ഹാമസ് റോഡിഗ്രസ് തന്നെയാവും യോഗ്യതാ ഗ്രൂപ്പിൽ 4 മതുള്ള കൊളംമ്പിയ മുന്നേറ്റത്തെ നയിക്കുക. ഗ്രൂപ്പിൽ ആറാമതുള്ള പാരാഗ്വായി നാട്ടിൽ കളിക്കുന്നതിൻ്റെ ആത്മവിശ്വാസവുമായാവും ഇറങ്ങുക. മികച്ച ഫോമിലുള്ള എ.സി മിലാൻ താരം കാർലോസ് ബെക്കയെ പിടിച്ച് കെട്ടുകയാവും പരാഗ്വായി പ്രതിരോധത്തിൻ്റെ പ്രധാന ചുമതല. വെള്ളിയാഴ്ച്ച പുലർച്ച ഇന്ത്യൻ സമയം 5 മണിക്കാണ് മത്സരം.

യോഗ്യതാ ഗ്രൂപ്പിൽ ഉറുഗ്വയേക്കാൾ ഒരു പോയിൻറ്റ് മാത്രം പിറകിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീൽ ബോളീവിയെ തോൽപ്പിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനമാവും ലക്ഷ്യം വക്കുക. നെയ്മറിനും യുവതാരം ഗബ്രിയേൽ ജീസസിനും ഒപ്പം മികച്ച ഫോമിലുള്ള ലിവർപ്പൂൾ താരങ്ങളായ കൗട്ടീന്യോ, ഫിർമീനോ എന്നിവർ അടങ്ങിയ മുന്നേറ്റം ബൊളീവിയെ ഗോളിൽ മുക്കാൻ പോന്നതാണ്. ബ്രസീലിനെതിരെ സമനിലയെങ്കിലും നേടാനുറച്ചാവും യോഗ്യതാ ഗ്രൂപ്പിൽ 8 മതുള്ള ബൊളീവിയ ഇറങ്ങുക. മത്സരം വെള്ളിയാഴ്ച്ച പുലർച്ചെ 6.15 നാണ്.

പരിക്കിൻ്റെ പിടിയിലായ ലയണൽ മെസ്സിയുടെ അഭാവം ടീമിനെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് അർജൻ്റീന കോച്ച്. പ്രതിരോധത്തിൽ പാളിച്ചകൾ ഉണ്ടെങ്കിലും മികച്ച ഫോമിലുള്ള മുന്നേറ്റം പെരു ഗോൾ വല നിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മാഞ്ചസ്റ്റർ സിറ്റിയിൽ സ്വപ്നസമാനമായ ഫോമിൽ കളിക്കുന്ന അഗ്യൂറോക്കൊപ്പം യുവൻ്റെസിൽ മികച്ച തുടക്കം കിട്ടിയ ഹിഗ്വയിനും ഫോമിലാണ്. മെസ്സിക്ക് പകരം ടീമിലെത്തിയ ഡൈബാലയും ഫോമിൽ തന്നെ. മുൻ മത്സരത്തിൽ വെനുസ്വലക്കെതിരെ വഴങ്ങേണ്ടി വന്ന സമനില പ്രതിരോധത്തിലെ പാളിച്ചകൾ എടുത്ത് കാണിച്ചു. അത് മറികടക്കാനാവും ഒട്ടമെൻ്റിയും ഫ്യൂനസ് മോറിയും അടങ്ങിയ പ്രതിരോധം ശ്രമിക്കുക. ബ്രസീലുമായി തുല്യ പോയിൻ്റ് പങ്കിടുന്ന അർജൻ്റീന യോഗ്യത ഗ്രൂപ്പിൽ അവർക്ക് പിറകിൽ 3 മതാണിപ്പോൾ. ഗ്രൂപ്പിൽ 9 താം സ്ഥാനത്താണെങ്കിലും കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനെ അട്ടിമറിച്ച പെറു എഴുതി തള്ളാൻ പറ്റുന്ന ടീമല്ല. സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനത്തിനാവും അവർ ശ്രമിക്കുക. വെള്ളിയാഴ്ച്ച രാവിലെ 7.45 നാണ് മത്സരം ആരംഭിക്കുക.

മത്സരങ്ങൾ സോണി സിക്സിലും സോണി ഇ.എസ്.പി.എനിലും തത്സമയം കാണാവുന്നതാണ്.