അർജൻ്റീനയും ബ്രസീലും കളത്തിൽ, റഷ്യ പിടിക്കാൻ ലാറ്റിൻ അമേരിക്കയിൽ ചിലിക്ക് ജീവൻ മരണ പോരാട്ടം

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 10 മത്തെ മത്സരത്തിനാണ് ലാറ്റിനമേരിക്കയിലെ ടീമുകൾ ഇറങ്ങുക. തിരിച്ചടികൾ നേരിട്ട് സമ്മർദ്ദത്തിലായ അർജൻ്റീന, ചിലി ടീമുകൾക്ക് നാളത്തെ മത്സരം വളരെയധികം നിർണ്ണായകമാണ്.

ബൊളീവിയ – ഇക്വഡോർ
– ബ്രസീലിനെതിരെ വമ്പൻ തോൽവി വഴങ്ങിയ ബൊളീവിയ യോഗ്യതാ ഗ്രൂപ്പിൽ 9ാം സ്ഥാനത്താണ്. അതിനാൽ തന്നെ സ്വന്തം നാട്ടുകാർക്ക്‌ മുമ്പിൽ ഇക്വഡോറിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞ് ഒന്നും അവർക്ക് മതിയാകില്ല. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ 3-0 ത്തിനു തകർത്ത് വിട്ട ഇക്വഡോർ വലിയ ആത്മവിശ്വാസത്തോടെയാവും ഇറങ്ങുക. യോഗ്യതാ ഗ്രൂപ്പിൽ അർജൻ്റീനയ്ക്കു മുകളിൽ നാലാമതുള്ള ഇക്വഡോർ എനർ വലൻസിയുടെ മികവിൽ ബൊളീവിയക്കെതിരെ വലിയ വിജയമാവും ലക്ഷ്യം വക്കുക. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 1.30 തിനാണ് മത്സരം.

കൊളംബിയ – ഉറുഗ്വ – സൂപ്പർ താരം ഹാമസ് റോഡിഗ്രസിനെ പരിക്ക് മൂലം നഷ്ടമായ കൊളംബിയ ഉറുഗ്വക്കെതിരെ കരുതിയാവും ഇറങ്ങുക. പരിക്കിനാല്‍ ഫാൽക്കാവോയെ നേരത്തെ നഷ്ടമായ കൊളംബിയന്‍ മുന്നേറ്റത്തെ മിലാൻ താരം കാർലോസ് ബെക്കയാവും നയിക്കുക. പരാഗ്വയെ തോൽപ്പിച്ച് യോഗ്യതാ ഗ്രൂപ്പിൽ മൂന്നാമതെത്തിയ കൊളംബിയക്ക് മികച്ച ഫോമിലുള്ള ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഉറുഗ്വയെ മറികടക്കുക അത്ര എളുപ്പമല്ല. വെനുസ്വലയെ കഴിഞ്ഞ കളിയിൽ തകർത്ത് വിട്ട ഉറുഗ്വയുടെ വലിയ ശക്തി സുവാരസ്,കവാനി എന്നിവരടങ്ങിയ മുന്നേറ്റം തന്നെയാണ്. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 2 മണിക്കാണ് മത്സരം.

ചിലി – പെറു ഇക്വഡോറിനോടേറ്റ വലിയ പരാജയത്തിൻ്റെ ഞെട്ടലുമായാവും കോപ്പ അമേരിക്കൻ ചാമ്പ്യന്മാർ പെറുവിനെ നേരിടാൻ ഇറങ്ങുക. യോഗ്യത ഗ്രൂപ്പിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചിലിക്ക് വിജയത്തിൽ കുറഞ്ഞ ഒന്നും മതിയാവില്ല. സാഞ്ചസ്, വിദാൽ തുടങ്ങിയ അവരുടെ വലിയ കളിക്കാരിലാവും ചിലി പ്രതീക്ഷകൾ. അർജൻ്റീനയെ പിറകിൽ നിന്ന ശേഷം സമനിലയിൽ തളച്ച ആത്മവിശ്വാസത്തോടെയാവും പെറു ചിലിയെ നേരിടാൻ ഇറങ്ങുക. യോഗ്യതാ ഗ്രൂപ്പിൽ 8ാമതുള്ള പെറു മോശം ഫോമിലുള്ള ചിലിക്കെതിരെ ഒരട്ടിമറി തന്നെയാവും ലക്ഷ്യം വയ്ക്കുക. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് മത്സരം.

അർജൻ്റീന – പാരാഗ്വ – സൂപ്പർ താരം ലയണൽ മെസ്സിയെ പരിക്കേറ്റ് നഷ്ടമായത് ടീമിൻ്റെ ശക്തി കുറച്ചു എന്ന വിമർശനത്തെ അർജൻ്റീന കോച്ച് തള്ളിയെങ്കിലും താരതമ്യേന ദുർബലരായ പെറുവിനെതിരെ വഴങ്ങിയ സമനില ആ വിമർശനത്തിന് അടിവരയിടുകയായിരുന്നു. പെറുവിനെതിരായ സമനിലയോടെ യോഗ്യതാ ഗ്രൂപ്പിൽ അർജൻ്റീന അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ പരാഗ്വക്കെതിരെ സ്വന്തം നാട്ടിൽ വിജയത്തിൽ കുറഞ്ഞ എന്തും വിമർശകർക്ക് ഊർജ്ജം പകരും. സസ്പെൻഷനിലായ സബലേറ്റയുടെ അഭാവവും അർജൻ്റീനക്ക് തിരിച്ചടിയാവും. എന്നാൽ സസ്പെൻഷനിൽ നിന്ന് യുവ താരം പാബ്ലോ ഡയബാല തിരിച്ചെത്തുന്നത് അർജൻ്റീനക്ക് ആശ്വാസം പകരും. യോഗ്യതാ ഗ്രൂപ്പിൽ ആറാമതുള്ള പരാഗ്വേ കൊളംബിയക്കെതിരെ പൊരുതിയാണ് തോറ്റത്. ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കാൻ ഒരു സമനിലയെങ്കിലും അർജൻ്റീനക്കെതിരെ ലക്ഷ്യം വച്ചാവും അവർ ഇറങ്ങുക. അടുത്ത മാസം ബ്രസീലിനെ നേരിടാനിരിക്കുന്ന അർജൻ്റീന വലിയ വിജയമാവും പരാഗ്വക്കെതിരെ നേടാൻ ശ്രമിക്കുക. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 നാണ് മത്സരം.

വെനുസ്വല – ബ്രസീൽ – ബൊളീവിയക്കെതിരെ നേടിയ വലിയ വിജയത്തോടെ യോഗ്യതാ ഗ്രൂപ്പിൽ ഉറുഗ്വക്ക് ഒരു പോയിന്റ് പിറകിൽ രണ്ടാമതെത്തിയ ബ്രസീൽ അത്തരമൊരു പ്രകടനമാവും വെനുസ്വലക്കുമെതിരെ ലക്ഷ്യം വക്കുക. വിലക്ക് കാരണം നെയ്മറിൻ്റെ കളിക്കില്ലെങ്കിലും ഉജ്ജ്വല ഫോമിലിറങ്ങുന്ന ബ്രസീലിന് അത് വലിയ തിരിച്ചടിയാവാൻ ഇടയില്ല. മികച്ച ഫോമിലുള്ള കുട്ടീന്യോ, ഫിർമിനോ തുടങ്ങിയവർക്ക് പുറമെ യുവതാരം ഗ്രബ്രീയലെ പോലുള്ളവർ അടങ്ങിയ ബ്രസീൽ മുന്നേറ്റം നെയ്മറിൻ്റെ അഭാവത്തിലും ശക്തമാണ്. ഈ മുന്നേറ്റത്തെ തടഞ്ഞു നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാവും വെനുസ്വലക്ക് ഉണ്ടാവുക. ഉറുഗ്വക്കെതിരെ തകർന്നടിഞ്ഞ യോഗ്യതാ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ വെനുസ്വല കഴിഞ്ഞ മാസം നാട്ടിൽ നടന്ന മത്സരത്തിൽ അർജൻ്റീനയെ സമനിലയിൽ തളച്ചത് പോലൊരു പ്രകടനമാവും ബ്രസീലിനെതിരെ ലക്ഷ്യം വക്കുക. സോളമൻ റാൻ്റോൻ്റെ ഗോളടി മികവിനെ ആശ്രയിക്കുന്ന വെനുസ്വലക്ക് മികച്ച ഫോമിലുള്ള ബ്രസീലിനെ പിടിച്ച് കെട്ടുക അത്ര എളുപ്പമാവില്ല. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 6 മണിക്കാണ് മത്സരം.

മത്സരങ്ങൾ സോണി സിക്സ്, സോണി ഇ.എസ്.പി.എൻ എന്നീ ചാനലുകളിൽ തൽസമയം കാണാവുന്നതാണ്.