രാജകീയം സിദാന്റെ ഈ രാജി!!!

- Advertisement -

സിദാന്റെ റയൽ മാഡ്രിഡിൽ നിന്നുള്ള വിടപറയൽ റയൽ മാഡ്രിഡ് ആരാധകരെ മാത്രമല്ല ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ തീരുമാനം എന്തിനാണെന്ന് പലർക്കും മനസ്സിലായേക്കില്ല എന്നും ഇതു ശരിയായില്ല എന്ന് പലർക്കും തോന്നാം, പക്ഷെ എനിക്ക് ഇതാണ് ശരിയായ തീരുമാനം. തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബ് ഇനിയും വിജയം തുടരണമെങ്കിൽ പുതിയ പരിശീലകൻ വരണം. പുതിയ ചലനങ്ങൾ ഡ്രസിങ്ങ് റൂമിൽ ഉണ്ടാകണം. സിദാൻ പറയുന്നു.

വിജയങ്ങൾ താരങ്ങളെ മടുപ്പിച്ചേക്കും എന്നും അതുകൊണ്ട് തന്നെ മാറ്റങ്ങൾ വന്നാലെ താരങ്ങൾക്കും ക്ലബിനും ഉണർവ്വ് വരൂ എന്നുമാണ് സിദാൻ ഉദ്ദേശിക്കുന്നത്. വിജയങ്ങൾ മടുത്ത് രാജി വെക്കുന്നു എന്നു വായിക്കേണ്ടി വരും. പല മാനേജർമാർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത തുടക്കമാണ് സിദാന് റയൽ മാഡ്രിഡിനൊപ്പം ആരംഭിച്ച തന്റെ പരിശീലക വേഷമണിഞ്ഞുള്ള യാത്രയിൽ ലഭിച്ചത്. മൂന്ന് വർഷം കൊണ്ട് 9 കിരീടങ്ങൾ റയൽ മാഡ്രിഡിന് സിദാൻ നേടിക്കൊടുത്തു. അതിൽ അത്യപൂർവ്വമായ തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും.

തനിക്ക് ഇനി ക്ലബിനായി ഒന്നും ചെയ്യാനില്ല എന്ന് തോന്നിയാൽ മാത്രമെ പരിശീലക സ്ഥാനം ഒഴിയിയൂ എന്ന് നേരത്തെ സിദാൻ പറഞ്ഞിരുന്നു. മൂന്ന് ചാമ്പ്യൻസ് ലീഗ് തുടർച്ചയായി നേടിയ ഒരു പരിശീലകന് ഇനിയും എന്താണ് ഇതിലും കൂടുതൽ നേടാൻ ഉള്ളത്. പല മാനേജർമാരും പുറത്താക്കപ്പെടുന്നത് വരെ പിടിച്ചു നിൽക്കുമ്പോഴാണ് സിദാന്റെ രാജകീയമായ രാജി.

താൻ ഈ ക്ലബിനെ ഇഷ്ടപ്പെടുന്നു എന്നും ഇവിടെ കളിക്കാനും ഇവിടെ പരിശീലിപ്പിക്കാനും കഴിഞ്ഞു എന്നത് താൻ അനുഗ്രഹമായി കരുതുന്നു എന്നും സിദാൻ പറഞ്ഞു. ക്ലബിനും സിദാന്റെ രാജിയെ കുറിച്ച് അറിയില്ലായിരുന്നു എന്നും സിദാന് പകരക്കാരനെ തീരുമാനിക്കാൻ അതുകൊണ്ട് തന്നെ ക്ലബ് ചിന്തിച്ചട്ടില്ല എന്നും റയൽ മാഡ്രിഡ് പറയുന്നു.

മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗിനൊപ്പം രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങളാണ് റയൽ മാഡ്രിഡ് സിദാന്റെ കീഴിൽ ഈ‌ ചെറിയ കാലയളവിൽ ഉയർത്തിയത്. പരിശീലകർ പലരും തലകുനിച്ചു വിടപറഞ്ഞ ചരിത്രമുള്ള റയൽ മാഡ്രിഡിൽ തലയുയർത്തി രാജകീയമായി തന്നെ സിദാൻ വിടപറയുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement