സിദാന് റയലിനെ തിരിച്ചു കൊണ്ട് വരാനാകുമോ…?

gautamvishnu

Download the Fanport app now!
Appstore Badge
Google Play Badge 1

2017-18 സീസണിന്റെ അന്ത്യത്തിൽ റയലിനെ വിട്ടു സിദാൻ പോകുമ്പോൾ ആരെയും പേടിപ്പെടുത്തുന്ന ഒരു ടീമായിരുന്നു റയൽ മാഡ്രിഡ്, ബെനിറ്റസ് നശിപ്പിച്ചിട്ട് പോയ റയലിന്റെ പഴയ കാല പ്രതാപം റയൽ വീണ്ടെടുത്തിരുന്നു. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ലാലിഗയും എല്ലാം അവരിലേക്ക് എത്തി ചേർന്നു.

എന്നാൽ പെട്ടെന്നുണ്ടായ സിദാന്റെ വിടവാങ്ങൽ അവർക്കുണ്ടാക്കിയത് വലിയൊരു ശൂന്യതയായിരുന്നു. ഇനി ആര് എന്ന ചോദ്യം അവസാനിച്ചത് സ്പെയിൻ ദേശീയ ടീമിനെ മനോഹരമായി കളി പഠിപ്പിച്ചു ലോകകപ്പിന് സന്നദ്ധനാക്കിയ ലോപെറ്റുഗിയെ ആയിരുന്നു. ലോകകപ്പ് പടിവാതിലിൽ എത്തിയ സമയമായിരുന്നെങ്കിലും റയലിൽ നിന്ന് ലഭിച്ച അവസരം സ്വീകരിക്കാതിരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ സ്പെയിനിലെ മികവ് റയലിൽ ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിയാതെ വന്നതോടെ റയലിന്റെ പതനം അവിടെ തുടങ്ങി.

കാര്യങ്ങൾ അത്രക്ക് പന്തിയല്ല എന്ന് മനസിലായ റയൽ പ്രസിഡന്റ്‌ ഫ്ലോരെന്റിനോ പെരെസ് ലോപെറ്റുഗിക്കു പകരം റയലിന്റെ ബി ടീം കാസില്ലയുടെ പരിശീലകനായിരുന്ന അര്ജന്റീനക്കാരൻ സാന്റിയാഗോ സോളാരിയെ ഇടക്കാല പരിശീലകനാക്കി. കയറ്റിറക്കങ്ങളാൽ സമ്മിശ്രമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ കീഴിൽ റയൽ മാഡ്രിഡ്‌. ആയാസപ്പെടാതെ ക്ലബ്‌ ലോകകപ്പ് നിലനിർത്താൻ റയലിന് സാധിച്ചു. ചാമ്പ്യൻസ് ലീഗിലും ആദ്യ പാദ പ്രീക്വാർട്ടർ വരെ മികച്ച പ്രകടനം പുറത്തെടുത്തു. കോപ്പ ഡെൽ റേ യിലും സെമി ഫൈനൽ വരെയെത്തി. എന്നാൽ പിന്നീടുള്ള ഒരാഴ്ച കൊണ്ട് റയലിന്റെ കണ്ടകശനി ഉച്ചസ്ഥായിലായപ്പോൾ ആ കണ്ടകശനി കൊണ്ട് പോയത് റയലിന്റെ ഈ സീസണിലെ എല്ലാ പ്രതീക്ഷകളെയും ഒപ്പം സോളാരിയുടെ കസേരയും കൂടെയാണ്.

ഒരാഴ്ചയിൽ പുകൾപെറ്റ റയലിന്റെ സ്വന്തം സാന്റിയാഗോ ബെർണബ്യൂവിൽ 3 തുടർതോൽവികൾ. അതും രണ്ടെണ്ണം തുല്യശക്‌തികളും ചിരവൈരികളുമായിട്ടുള്ള ബാഴ്സയോട്. അതോടെ ലാലിഗ പ്രതീക്ഷയും കോപ്പ ഡെൽ റേയും കൈ വിട്ട റയലിന് പിന്നെ ബാക്കിയുണ്ടായിരുന്നത് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ മാത്രമായിരുന്നു. ആദ്യ പാദത്തിൽ അയാക്സിന്റെ ഹോമിൽ ജയിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ റയലിനെ ഒരട്ടിമറിയിലൂടെ അയുക്സ് തരിപ്പണമാക്കി.

ഈ ദയനീയാവസ്ഥയിലേക്കാണ് സിദാൻ വരുന്നത്. അത് കൊണ്ട് തന്നെ സിദാന് ഈ സീസണിൽ സമ്മര്ദങ്ങളേതുമില്ല. കാരണം അമിതപ്രതീക്ഷകളൊന്നും ഇപ്പോൾ ഈ ടീമിനില്ല. നഷ്ടപ്പെടാനും ഒന്നുമില്ല. ലാലിഗയിൽ റയലിനെ ആദ്യ നാല് സ്ഥാനങ്ങളിൽ നിലനിർത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക എന്ന താരതമ്യേന എളുപ്പമുള്ള ലക്ഷ്യം മാത്രമാണ് സിദാന് മുന്നിലുള്ളത്.

എന്നാൽ ഭാവിയിലേക്ക് ചിന്തിക്കുമ്പോൾ സിദാന് പിടിപ്പത് പണിയുണ്ട്. ആദ്യം സിദാൻ ചെയ്യേണ്ടത് ഡ്രസിങ് റൂമിൽ കളിക്കാർക്കിടയിൽ നഷ്ടപെട്ട മാനസിക ഐക്യം തിരികെ കൊണ്ട് വരിക എന്നതാണ്.സിദാന്റെ കാലത്ത് വളരെ ചുരുക്കം മാത്രമേ റയലിന്റെ കളിക്കാർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുള്ളു. എന്നാലിപ്പോൾ അതല്ല അവസ്ഥ. താരതമ്യേന ഈഗോ യുടെ കാര്യത്തിൽ റയൽ താരങ്ങൾക്ക് അപ്പുറത്ത് ആരുമില്ലാത്തത് കൊണ്ട് തന്നെ അവരെല്ലാം ഒത്തൊരുമയോടെ കൊണ്ട് പോകുക എന്നത് എളുപ്പമല്ല.

തുടർപരാജയങ്ങളുടെ ഫലമായി കളിക്കാർക്കിടയിലും അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ജൂനിയർ താരമായ റെഗിലോണിന്റെ ദേഹത്തേക്ക് റാമോസ് പരിശീലനത്തിനിടെ മനഃപൂർവം പന്തടിച്ചതും ബെയ്‌ലിനെ പറ്റി മോഡ്രിച് അടക്കമുള്ളവരുടെ വിമർശനങ്ങളും പരിശീലനത്തിനിടെ റാമോസും മാഴ്‌സെലോയും ഏറ്റുമുട്ടിയതും എല്ലാം മേൽ പറഞ്ഞതിന്റെ ഉദാഹരണങ്ങളാണ്. മാഡ്രിഡ്‌ കുടുംബത്തിന് പഴയ ഒത്തൊരുമ വീണ്ടെടുക്കുക എന്നതാണ് സിദാന്റെ പ്രഥമദൗത്യം.  കഴിഞ്ഞ വർഷങ്ങളിലെ സമ്മർ, വിന്റർ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാതെ പോയ റയലിന് ഇത്തവണ അതിനു കഴിയില്ല.

അത് കൊണ്ട് തന്നെ ട്രാൻസ്ഫർ വിപണിയിൽ ബുദ്ധിപരമായുള്ള നീക്കങ്ങൾ സിദാന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പോർട്ടോയുടെ ബ്രസീലിയൻ പ്രതിരോധനിരക്കാരൻ മിലിറ്റയോയെ ഇപ്പോഴേ റയൽ പാളയത്തിലേക്കെത്തിച്ച് അതിന്റെ ആദ്യ സൂചനകൾ ഇതിനോടകം തന്നെ സിദാൻ നൽകി കഴിഞ്ഞു. എന്നാൽ റൊണാൾഡോയുടെ കൂടുമാറൽ ഉണ്ടാക്കിയ ശൂന്യത റയൽ മുന്നേറ്റത്തിൽ ഈ സീസൺ മുഴുവൻ പ്രകടമായിരുന്നു. ഹസാർഡിനെയോ എംബപ്പേയോ നെയ്മറോ പോലെയുള്ളവരെ സൈൻ ചെയ്യുക വഴി മുന്നേറ്റത്തിലെ പ്രശ്നങ്ങൾക്ക് അന്ത്യം കുറിക്കുന്നതിനോടൊപ്പം റയലിന് ഇപ്പോൾ ഇല്ലാത്ത ഒരു സൂപ്പർ താരത്തിന്റെ സാന്നിധ്യം റൊണാൾഡോയുടെ കൂടെ അപ്രത്യക്ഷമായ ആരാധകരെ തിരിച്ചു കൊണ്ട് വരാൻ കൂടെ സാധിക്കും. വലിയ വില കൊടുത്ത് വാങ്ങി നിരന്തരമായ പരിക്കുകൾ കൊണ്ട് ടീമിന് ബാധ്യതയായി മാറിയ ബെയ്‌ലിനെ പോലെയുള്ളവരെ ഒഴിവാക്കുകയും റയലിന്റെ ഭാവിയിലേക്കുള്ള മുതൽകൂട്ടുകളായ വിനീഷ്യസിനെയും ബ്രഹിം ഡയസിനെയും റോഡ്‌റിഗോയെയും പോലെയുള്ളവരെ വളർത്തി കൊണ്ട് വരികയും ചെയ്താൽ റയൽ പഴയ റയൽ ആകും.

സോളാരിക്ക് കീഴിൽ കളിച്ച റയലിന്റെ പ്രധാനപ്രശ്നം സ്ഥിരതയില്ലായ്മയായിരുന്നു. ഏത് കളി ജയിക്കുമെന്നോ തോൽക്കുമെന്നോ പറയാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എവിടെയോ നഷ്ടപ്പെട്ടുപോയ ആ സ്ഥിരത പുനഃസ്ഥാപിക്കാൻ സിദാന് കഴിഞ്ഞാൽ എല്ലാവരും ഭയപ്പെട്ടിരുന്ന റയലിന്റെ പുനർജ്ജന്മം ആകുമത്. കളിക്കളത്തിൽ മായാജാലം തീർത്ത, കുമ്മായവരക്കപ്പുറം ചാണക്യതന്ത്രങ്ങൾ മെനഞ്ഞ സിദാന്റെ മടങ്ങി വരവ് റയലിന് കുരിശുമരണത്തിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പാക്കണമേ എന്ന് മാത്രമാണ് ഓരോ ഫുട്ബോൾ ആരാധകനും ആഗ്രഹിക്കുന്നത്. കാരണം ആ പഴയ റയലിനെ അത്ര മാത്രം മിസ്സ്‌ ചെയ്യുന്നുണ്ട് ഈ ലോകം.