യൂറോപ്പ കിരീടം തന്നെ ലക്ഷ്യം : സാവി

ചാമ്പ്യൻസ് ലീഗിലെ പുറത്താകലിന് പിറകെ യൂറോപ്പ ലീഗ് നേടാനുള്ള ആഗ്രഹവുമായി സാവി ഹെർണാണ്ടസ്. വിക്ടോറിയ പ്ലെസനെതിരായ ബാഴ്‌സയുടെ മത്സര ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ചാംപ്യൻസ് ലീഗിൽ നിന്നും പുറത്തെയെങ്കിലും മുന്നിൽ യൂറോപ്പ ലീഗ് ഉണ്ട്. ടൂർണമെന്റ് ഫൈനലിൽ എത്തുകയും വിജയിക്കുകയും ചെയ്യുന്നത് തന്നെയാണ് തങ്ങളുടെ ലക്ഷ്യം. കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ബാഴ്‍സയേയും എല്ലാവരും ഉൾപ്പെടുത്തും. പക്ഷെ ഈ ടൂർണമെന്റ് എത്രത്തോളം കഠിനമാണെന്ന് അവസാന സീസണിൽ കണ്ടതാണ്. ഇത്തവണ അതിലും കടുപ്പമുള്ള എതിരാളികൾ ആണ് കാത്തിരിക്കുന്നത്, അത് മുന്നോട്ടുള്ള വഴി കൂടുതൽ ദുഷ്കരമാക്കും”. സാവി പറഞ്ഞു.

സാവി20221103 005434

യൂറോപ്പ ലീഗ് പ്രീ ക്വർട്ടർ ചിത്രം നവമ്പർ ഏഴിന്റെ ഡ്രോ കഴിയുന്നതോടെ തെളിയും. ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരിൽ ഒരാളാവും ബാഴ്‌സയെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫെർട്ടിനോടേറ്റ തോൽവി മനസിൽ വെച്ചു തന്നെയാവും സാവി ഇത്തവണ ടീമിനെ ഒരുക്കുക. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ സ്ഥിതിക്ക് യൂറോപ്പ കിരീടത്തിൽ കുറഞ്ഞതൊന്നും ആരാധകരെ സംതൃപ്തരാക്കാൻ പോന്നതല്ല.