വിനീഷ്യസും ബെൻസീമയും തീ തന്നെ, റയൽ മാഡ്രിഡ് വലൻസിയയെ തകർത്തു

ലാലിഗയിലെ റയൽ മാഡ്രിഡിന്റെ ഈ സീസണിലെ ആധിപത്യം തുടരുന്നു‌. ഇന്ന് ലാലിഗയിൽ ഹോം മത്സരത്തിൽ വലൻസിയയെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ 4 ഗോളുകളുടെ വിജയം സ്വന്തമാക്കി‌. ഈ സീസണിൽ ഉടനീളം നടന്നതു പോലെ വിനീഷ്യസും ബെൻസീമയും ആണ് റയലിന്റെ വിജയ ശില്പികൾ ആയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് ബെൻസീമ ആണ് റയലിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ വിനീഷ്യസ് ആയി താരം. 52ആം മിനുട്ടിൽ വിനീഷ്യസ് ലീഡ് ഇരട്ടിയാക്കി. 61ആം മിനുട്ടിൽ താരം വീണ്ടും വല കണ്ടെത്തിയപ്പോൾ സ്കോർ 3-0. 76ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ വലൻസിയ ആശ്വാസ ഗോൾ നേടി‌. ഗുദെസ് എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല എങ്കിലും പിന്നാലെ താരം തന്നെ വല കണ്ടെത്തുക ആയിരുന്നു‌. അവസാനം ബെൻസിമയുടെ രണ്ടാം ഗോളോടെ റയൽ ജയം ഉറപ്പിച്ച.

ഈ വിജയത്തോടെ 49 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് തന്നെ തുടരുന്നു. രണ്ടാമതുള്ള സെവിയ്യയെക്കാൾ 8 പോയിന്റ് റയലിന് അധികം ഉണ്ട്.