മാൻ ഓഫ് ദി മാച്ച് നേടിക്കൊടുത്ത ഒരു ചുവപ്പ് കാർഡ്!! വാൽവെർദെ, ഫുട്ബോൾ മറക്കില്ല ഈ നിമിഷം

ഉറുഗ്വേയുടെ ഒരു താരം ചുവപ്പ് കാർഡ് വാങ്ങി കയ്യടി വാങ്ങിയ കഥ മുമ്പും നമ്മൾ കേട്ടിട്ടുണ്ട്. ലോകകപ്പിൽ ഘാനക്കെതിരെ സുവാരസിന്റെ വിവാദമായ ഹാൻഡ് ബോളും അതിനു ശേഷമുള്ള ചുവപ്പ് കാർഡും ആ ഹാൻഡ് ബോൾ ഉറുഗ്വേയെ ലോകകപ്പ് സെമിയിലേക്ക് എത്തിച്ചതും ഒക്കെ ഫുട്ബോൾ പ്രേമികൾ മറക്കുന്ന കാര്യമല്ല. ഇന്നലെ ജിദ്ദയിൽ ഒരു ചുവപ്പ് കാർഡ് വേറെയൊരു ഉറുഗ്വേ താരത്തിന് കയ്യടി നേടിക്കൊടുക്കുകയാണ്.

റയൽ മാഡ്രിഡിന്റെ യുവതാരം വാൽവെർദെ. 21കാരനായ താരം ഇതിനകം തന്നെ ഉറുഗ്വേ മിഡ്ഫീൽഡിലെയും റയൽ മിഡ്ഫീൽഡിലെയും പകരം വെക്കാനില്ലാത്ത താരനായി മാറിക്കഴിഞ്ഞു. ഇന്നലെ സൂപ്പർ കോപ്പ ഫൈനലിൽ റയലും അത്ലറ്റിക്കോയും ഏറ്റുമുട്ടിയ കളിയിൽ 114ആം മിനുട്ടിൽ റയലിന് ഒരു കോർണർ ലഭിക്കുന്നു. മത്സരം ഗോൾ രഹിതമായി നിൽക്കുന്ന സമയം. ആ റയൽ മാഡ്രിഡ് സെറ്റ് പീസ് കൈക്കലാക്കി അത്ലറ്റിക്കോയുടെ കൗണ്ടർ.

പന്ത് അത്ലറ്റിക്കോ സ്ട്രൈക്കർ മൊറാട്ടയുടെ കാലിൽ കിട്ടുമ്പോൾ മൊറാട്ടയുടെ മുന്നിൽ റയൽ മാഡ്രിഡ് ഗോൾകീപ്പർ മാത്രം. റയൽ തോൽക്കിമെന്ന് തോന്നിപ്പിച്ച നിമിഷം. പക്ഷെ പിന്നാലെ ഓടിയെത്തിയ വാല്വെർദെ പെനാൾട്ടി ബോക്സ് എത്തും മുന്നെ മൊറാട്ടെയെ ഫൗൾ ചെയ്തു വീഴ്ത്തി. ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ഗോളെന്ന് ഉറച്ച അവസരം ആണ് വാല്വെർദെ തടഞ്ഞത്. ആ ഫൗൾ മത്സരം പെനാൾട്ടി ഷൂട്ടൗട്ട് വരെ ഗോൾ രഹിതമായി എത്തിക്കികയും പിന്നീട് റയൽ വിജയിക്കാനും കാരണമായി. മത്സരത്തിൽ വാല്വെർദെയെ മാൻ ഓഫ് ദി മാച്ചായി പ്രഖ്യാപിക്കുകയും ചെയ്തു. എതിർ പരിശീലകൻ സിമിയോണി വരെ ആ ടാക്കിളിനെ പ്രശംസിക്കുന്നതും മത്സര ശേഷം കാണാനായി. ടീമിനു വേണ്ടിയാണ് താൻ ആ ഫൗൾ ചെയ്തത് എന്ന് വാല്വെർദെയും പറഞ്ഞു.

റയലിന്റെ വിജയ ശില്പി ആയ യുവ താരം വാല്വെർദെ ആയിരുന്നു. കളിയുടെ 115ആം മിനുട്ടിൽ വാല്വെർദെ നടത്തിയ ഒരു ഫൗൾ ആണ് റയലിനെ വിജയിപ്പിച്ചത്. ഒരു കൗണ്ടർ അറ്റാക്കിൽ മൊറാട്ട ഒറ്റയ്ക്ക് റയൽ ഗോൾ മുഖത്തേക്ക് കുതിക്കുമ്പോൾ വാല്വെർദെ പിറകിൽ നിന്ന് മൊറാടയെ വീഴ്ത്തുകയായിരുന്നു. ആ ടാക്കിൽ വാല്വെർദെയ്ക്ക് ചുവപ്പ് നേടിക്കൊടുത്തു എങ്കിലും ഒരു ഗോൾ എന്നുറച്ച അവസരം ആണ് ആ ടാക്കിൽ കാരണം ഇല്ലാതെ ആയത്. വാല്വെർദെ തന്നെയാണ് കളിയിലെ മാൻ ഒഫ് ദി മാച്ച് ആയതും.