ഏണെസ്റ്റോ വാല്വെർദെ ബാഴ്‌സിലോണയുടെ പുതിയ കോച്ച്

- Advertisement -

ബാഴ്‌സിലോണയുടെ പുതിയ കോച്ചായി മുൻ അത്ലറ്റിക് ബിൽബാവോ കോച്ച് ഏണെസ്റ്റോ വാല്വെർദെയെ നിയമിച്ചു.  ബാഴ്‌സിലോണ പ്രസിഡന്റ് ജോസെപ് മരിയ ബർട്ടോമ്യൂ ആണ് ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ പുതിയ കോച്ചിനെ പ്രഖ്യാപിച്ചത്.  രണ്ട് വർഷത്തെ കരാറാണ്  വാല്വെർദെയും ബാഴ്‌സിലോണ തമ്മിലുള്ളത്.

ഏണെസ്റ്റോ വാല്വെർദെ 1988 – 1990 കാലഘട്ടത്തിൽ ജോഹൻ ക്രൂയ്‌ഫിനു കീഴിൽ ബാഴ്‌സിലോണക്കു വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ജോഹൻ ക്രൂയ്‌ഫിനു കീഴിൽ ഫുട്ബോൾ കളിച്ച് കോച്ചിങ് വേഷത്തിലെത്തിയ ഒട്ടനവധി കോച്ചുകളിൽ ഒരാളാണ് വാല്വെർദെ.

അത്ലറ്റിക് ബിൽബാവോയുടെ യൂത്ത് ടീമിന്റെ കോച്ചായിട്ടാണ് വാല്വെർദെ തന്റെ കോച്ചിങ് തുടങ്ങിയത്. രണ്ടു ഘട്ടങ്ങളിലായി അത്ലറ്റിക് ബിൽബാവോയെ ഏറ്റവും കൂടുതൽ കാലം പരിശീലിപ്പിച്ച കോച്ച് എന്ന സ്ഥാനവും വാല്വെർദെക്കാണ്.  സ്വന്തം നഗരത്തിൽ ബാഴ്‌സയുടെ എതിരാളികളായ എസ്പാന്യോലിനേയും ഗ്രീസിലെ ഒളിംപ്യക്കോസിനെയും ഇതിനു മുൻപ് വാല്വെർദെ പരിശീലിപ്പിച്ചിട്ടുണ്ട്.

3 വർഷം ബാഴ്‌സിലോണയെ പരിശീലിപ്പിച്ച ലൂയിസ് എൻറിക്വക്ക് പകരക്കാരനായാണ് വാല്വെർദെ വരുന്നത്. മൂന്ന് കൊല്ലത്തിനിടയിൽ കഴിഞ്ഞ ദിവസം വിജയിച്ച കോപ്പ ഡെൽ റേ അടക്കം  9 കിരീടങ്ങളാണ് എൻറിക്വ ബാഴ്‌സിലോണക്കു നേടി കൊടുത്തത്.  വാല്വെർദെയുടെ ആദ്യ പരീക്ഷണം ചിരവൈരികളായ റയൽ മാഡ്രിഡുമായാണ്. അടുത്ത സീസണിന്റെ തുടക്കത്തിൽ സ്പാനിഷ് സൂപ്പർ കപ്പിന്റെ ആദ്യ പാദത്തിൽ ക്യാമ്പ് നൗവിലാണ്‌ മത്സരം.

Advertisement