ഔദ്യോഗിക പ്രഖ്യാപനം എത്തി, വാൽവെർഡെ ബാഴ്സക്ക് പുറത്ത്, ഇനി സെറ്റിയൻ നയിക്കും

- Advertisement -

ബാഴ്സലോണ തങ്ങളുടെ പരിശീലകൻ ഏർണസ്റ്റോ വാൽവെർഡെയെ പുറത്താക്കി. സൂപ്പർ കപ്പ് സെമിയിൽ അത്ലറ്റിക്കൊയോട് പരാജയപെട്ടതിന് പിന്നാലെ തന്നെ അദ്ദേഹം പുറത്തായേക്കും എന്ന് സൂചനകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം എത്തിയത്.

55 വയസുകാരനായ വാൽവെർഡെ 2017 മെയ് മാസത്തിലാണ് ലൂയിസ് എൻറികെയുടെ പകരക്കാരനായി ക്യാമ്പ് ന്യൂവിൽ എത്തുന്നത്. ക്ലബ്ബിനൊപ്പം 2 ലീഗ് കിരീടങ്ങളും, ഒരു കോപ്പ ഡെൽ റെയും, ഒരു സൂപ്പർ കോപ്പ കിരീടവും നേടാൻ അദ്ദേഹത്തിന് സാധിച്ചു. പക്ഷെ ചാമ്പ്യൻസ് ലീഗിൽ ടീം നടത്തിയ മോശം പ്രകടനങ്ങൾ ആരാധകരെ അദ്ദേഹത്തിൽ നിന്ന് തീർത്തും അകറ്റി. ഇതിൽ തന്നെ 2 തവണ സെമി ഫൈനലിൽ രണ്ടാം പാദത്തിൽ നാണം കെട്ടാണ് ബാഴ്സ പുറത്തായത്. ഒരു തവണ റോമയും മറ്റൊരു തവണ ലിവർപൂളും ആണ് അവരെ യൂറോപ്പിന് പുറത്തേക്ക് തള്ളിയിട്ടത്.

ക്യുകെ സെറ്റിയെൻ ആയിരിക്കും ബാഴ്സയുടെ പുതിയ ഹെഡ് കോച്ച്. 2022 വരെയുള്ള കരാറിൽ സെറ്റിയൻ ഒപ്പുവെച്ചു. ചൊവ്വാഴ്ച സെറ്റിയനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും എന്ന് ബാഴ്സലോണ അറിയിച്ചു. മുൻ റയൽ ബെറ്റിസ് പരിശീലകനാണ് സെറ്റിയെൻ. ബാഴ്സലോണയുടെ ശൈലി തന്നെയാണ് സെറ്റിയെന്റെ പരിശീലന രീതി. ഇതാണ് ബാഴ്സ സെറ്റിയെനിൽ എത്താൻ കാരണം. സ്പെയിൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് സെറ്റിയെൻ.

Advertisement