റയൽ മാഡ്രിഡ് തോറ്റു, ബാഴ്സലോണ തൊട്ടടുത്ത്

- Advertisement -

ലാലിഗയിൽ മിഡ്-വീക്ക് പോരാട്ടത്തിൽ റയൽ മാഡ്രിഡിന് പരാജയം. ലീഗിൽ പതിനഞ്ചാം സ്ഥാനത്തുള്ള വലൻസിയയാണ് മാഡ്രിഡ് വമ്പന്മാരെ തറപറ്റിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വലൻസിയയുടെ വിജയം.

മെസ്റ്റല്ലയിൽ നടന്ന മത്സരത്തിൽ മികച്ച ഫോമിലുള്ള റയൽ മാഡ്രിഡിനെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന വലൻസിയയെ ആണ് കണ്ടത്, അതിന്റെ ഫലമായി നാലാം മിനിറ്റിൽ തന്നെ വലൻസിയ ഗോള്‍ സ്വന്തമാക്കി. സാസ വലൻസിയക്ക് വേണ്ടി റയലിന്റെ വലകുലുക്കി. ബാഴ്‌സലോണയിൽ നിന്ന് ലോണിൽ വലൻസിയയിൽ എത്തിയ മുനീറിന്റെ ഒരു ക്രോസ് ഹാഫ് വോളിയിലൂടെ സാസ അനായാസം പന്ത് വലയിൽ എത്തിച്ചു.

ആദ്യ ഗോളിൽ നിന്ന് മുക്തരാവുന്നതിന്റെ മുൻപ് തന്നെ രണ്ടാം ഗോളും റയലിന്റെ വലയിൽ വീണു, ഒൻപതാം മിനിറ്റിൽ ഒരലാനാ നാനിയുടെ പാസിൽ നിന്നും ഗോൾ നേടി. റയൽ മാഡ്രിഡ് ഗോൾ കീപ്പർ നവാസിന്റെ അബദ്ധം ഗോളിൽ കലാശിക്കുകയായിരുന്നു.

തുടർന്നങ്ങോട്ട് റയൽ മാഡ്രിഡ് ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്, നാല്പത്തിയൊന്നാം മിനിറ്റിൽ ആണ് റയൽ മാഡ്രിഡിന്റെ ആശ്വാസ ഗോൾ വീണത്. ലെഫ്റ്റ് വിങ്ങിൽ നിന്നും മാഴ്സലോ നൽകിയ ഒരു ക്രോസ് മനോഹരമായ ഒരു ഹെഡറിലൂടെ റൊണാൾഡോ പന്ത് വലൻസിയയുടെ വലയിൽ എത്തിച്ചു. ആദ്യ പകുതി പകുതി പിരിയുമ്പോൾ 2-1 എന്നായിരുന്നു സ്‌കോർ.

രണ്ടാം പകുതിയിൽ നിരന്തരം വലൻസിയയുടെ ഗോൾ മുഖത്തു ആക്രമണം അഴിച്ചു വിട്ടെങ്കിലും പ്രതിരോധം ശക്തമാക്കിയ വലന്സിയക്ക് മുന്നില്‍ അതെല്ലാം നിഷ്പ്രഭാമാവുകയായിരുന്നു. മത്സരത്തിന്‍റെ അവസാന മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോള്‍ എന്നുറച്ച ഒരു ഹെഡര്‍ വലയില്‍ എത്താതെ പോയപോള്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡ്‌ പരാജയം ഉറപ്പിച്ചു.

ലീഗിലെ റയല്‍ മാഡ്രിഡിന്‍റെ രണ്ടാമത്തെ പരാജയം മാത്രമാണിത്. തോറ്റെങ്കിലും റയല്‍ മാഡ്രിഡ്‌ തന്നെയാണ് ലീഗില്‍ ഒന്നാമതായി നില്‍ക്കുന്നത്. 22 മത്സരങ്ങളിൽ 52 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാമത് നിൽക്കുമ്പോൾ ഒരു മത്സരം കൂടുതൽ കളിച്ച ബാഴ്സലോണ 51 പോയിന്റുമായി രണ്ടാമതാണ്.

Advertisement