ഉംറ്റിറ്റിക്ക് പരിക്ക്, രണ്ടു മാസം പുറത്തിരിക്കേണ്ടി വരും

- Advertisement -

ബാഴ്സലോണ ഡിഫെണ്ടർ സാമുവൽ ഉംറ്റിറ്റിക്ക് പരിക്ക്. എൽ ക്ളാസിക്കോ അടക്കമുള്ള വരും മത്സരങ്ങൾ താരത്തിന് നഷ്ടമാകും എന്ന് ഉറപ്പായി. ചുരുങ്ങിയത് 8 ആഴ്ച്ചയെങ്കിലും ഫ്രഞ്ച് താരത്തിന് പുറത്തിരിക്കേണ്ടി വരും. ഹാം സ്ട്രിംഗ് ഇഞ്ചുറിയാണ് താരത്തിന് വിനയായത്. സെൽറ്റ വിഗോക്കെതിരെ ഇന്നലെ നടന്ന മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

ബാഴ്സലോണ തന്നെയാണ് താരം 8 ആഴ്ച പുറത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇനി ഫെബ്രുവരിയിൽ മാത്രമേ താരത്തിന് കളിക്കാനാവൂ. ബാഴ്സയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഉംറ്റിറ്റിക്ക് പരിക്കേറ്റത് ബാഴ്സക്ക് വൻ തിരിച്ചടിയാകും എന്ന് ഉറപ്പാണ്. പരിക്കേറ്റ് പുറത്തിരിക്കുന്ന മഷെരാനോ തിരിച്ചെത്താൻ സാധ്യത ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ തോമസ് വർമാലൻ അല്ലാതെ പികെക്കൊപ്പം കളിപ്പിക്കാൻ വേറെ ആരും ഇല്ല. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ബാഴ്സക്കായി മത്സരം കളിച്ച വർമാലന് വാലവേർടെയുടെ മുന്നിൽ ഫോം തെളിയിക്കാനുള്ള അവസരമാണ് ഇത്. ഡിസംബർ 23 നാണ് ഈ സീസണിലെ ആദ്യ എൽ ക്ളാസിക്കോ അരങ്ങേറുക. ഉംറ്റിറ്റിയുടെ അഭാവം വാൽവേർടെയും സംഘവും എങ്ങനെ നികത്തും എന്നതും മത്സരത്തിൽ നിർണായകമാകും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement