ഇരട്ടഗോളോടെ ടോറസ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് വിടവാങ്ങി

അവസാന മത്സരത്തിൽ രാജകീയമായി തന്നെ ഫെർണാണ്ടോ ടോറസ് തന്റെ പ്രിയ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിനോട് വിടപറഞ്ഞു. ഇന്ന് അവസാന മത്സരത്തിനായി ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞാണ് ടോറസ് ഇറങ്ങിയത്. ഐബറിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡിനായി രണ്ട് തവണ ടോറസ് വല കുലുക്കി. ആദ്യം 42ആം മിനുട്ടിൽ കൊറീയയുടെ പാസിലും, പിന്നീട് രണ്ടാം പകുതിയിൽ ഡിയേഗോ കോസ്റ്റയുടെ പാസിൽ നിന്നും.

ആ രണ്ട് ഗോളുകൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയം ഉറപ്പിച്ചില്ല എങ്കിലും ഈ മത്സരം ടോറസിന്റെ പേരിൽ തന്നെ ഓർമ്മിക്കപ്പെടും എന്ന് താരം ഉറപ്പാക്കി. കളി 2-2 എന്ന സമനിലയിലാണ് അവസാനിച്ചത്. 38 മത്സരങ്ങളിൽ നിന്ന് 79 പോയന്റുമായി ലീഗിൽ റയലിനു മുകളിൽ രണ്ടാമതായാണ് അത്ലറ്റിക്കോ സീസൺ അവസാനിപ്പിച്ചത്.

11ആം വയസ്സിൽ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ചേർന്ന ടോറസ് 321ആം മത്സരം ഈ ജേഴ്സിയും അണിഞ്ഞ് കളിച്ചതിനു ശേഷമാണ് ക്ലബ് വിടുന്നത്. 109 ഗോളുകൾ ക്ലബിനായി ടോറസ് നേടി. 19ആം വയസ്സിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ് ക്ലബ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ചരിത്രം കുറിച്ചിരുന്നു ടോറസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജയത്തോടെ നാപോളിയുടെ സീസണ് അവസാനം
Next articleU-17 യൂറോപ്യൻ ചാമ്പ്യന്മാരായി ഓറഞ്ച് പട