
ഈ സീസൺ അവസാനിക്കുന്നതോടെ ഫെർണാണ്ടോ ടോറസ് അത്ലറ്റികോ മാഡ്രിഡ് വിടും. ജൂണിൽ അത്ലറ്റിക്കോയുമായുള്ള കരാർ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് ടോറസ് തന്നെയാണ് പ്രഖ്യാപിച്ചത്. ചൈനീസ് സൂപ്പർ ലീഗിലേക്കാവും താരം പോകുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
34 വയസുകാരനായ ടോറസ് ഈ സീസണിൽ കേവലം 3 ല ലീഗ മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇടം നേടിയത്. ജനുവരിയിൽ ഡിയഗോ കോസ്റ്റ മടങ്ങി എത്തുക കൂടെ ചെയ്തതോടെ താരത്തിന് തീർത്തും അവസരങ്ങൾ കുറഞ്ഞിരുന്നു. ജനുവരിയിൽ താരം ചൈനയിലേക്ക് കൂട് മാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും താരം വാൻഡ മെട്രോപൊലീറ്റാനോയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
അത്ലറ്റികോ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റം വഴി വളർന്ന ടോറസ് 2001 ലാണ് തന്റെ ആദ്യ സീനിയർ അത്ലറ്റികോ അരങ്ങേറ്റം നടത്തിയത്. പിന്നീട് 2007 ഇൽ ലിവർപൂളിലേക്ക് മാറിയ ടോറസ് ലോകത്തിലെ തന്നെ മികച്ച സ്ട്രൈക്കർമാരുടെ പട്ടികയിലേക്ക് വളർന്നിരുന്നു. പക്ഷെ പിന്നീട് ചെൽസിയിലും എ സി മിലാനിലും നിരാശ ജനകമായ പ്രകടനങ്ങൾക്ക് ശേഷം 2015 ലാണ് അത്ലറ്റികോ മാഡ്രിഡിലേക്ക് മടങ്ങി എത്തുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial