ല ലിഗ : ബാഴ്സ കുതിപ്പ് തുടരുന്നു

- Advertisement -

രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം തിരിച്ചു വന്ന ബാഴ്സക്ക് റയൽ സോസിടാദിനെതിരെ 2-4 ന്റെ മികച്ച ജയം. ലൂയി സുവാരസ് രണ്ടു ഗോളുകൾ നേടിയ മത്സരത്തിൽ പൗളീഞ്ഞോ, മെസ്സി എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ജയത്തോടെ 51 പോയിന്റുള്ള ബാഴ്സലോണ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വിത്യാസം 9 ആയി നിലനിർത്തി.

പതിനൊന്നാം മിനുട്ടിൽ തന്നെ സോസിടാഡ് ലീഡ് നേടി. വില്ലിയൻ ജോസാണ് ഗോൾ നേടിയത്. പിന്നീട് സമനില ഗോളിനായി ബാഴ്സ നിരന്തരം ശ്രമിക്കുന്നതിനിടെ 34 ആം മിനുട്ടിൽ യുവാൻമിയിലൂടെ സോസിടാഡ് ലീഡ് രണ്ടാക്കി. പക്ഷെ 39 ആം മിനുട്ടിൽ സുവാരസിന്റെ പാസ്സിൽ പൗളീഞ്ഞോ ഒരു ഗോൾ മടക്കിയതോടെ ബാഴ്സ ആത്മവിശ്വാസം വീണ്ടെടുത്തു. എങ്കിലും ആദ്യ പകുതി അവസാനിക്കും മുൻപേ സമനില ഗോൾ നേടാൻ ബാഴ്സക്കായില്ല. രണ്ടാം പകുതിയിൽ 5 മിനുറ്റ് പിന്നിട്ടപ്പോൾ മെസ്സിയുടെ പാസ്സ് മികച്ചൊരു ഫിനിഷിലൂടെ ഗോളാക്കി സുവാരസ് സ്കോർ 2-2 ആക്കി. 65 ആം മിനുട്ടിൽ പൗളീഞ്ഞോയെ പിൻവലിച്ച വാൽവേർടേ ഡംബലേയെ കളത്തിൽ ഇറക്കി. 71 ആം മിനുട്ടിൽ സോസിടാഡ് ഗോളിയുടെ പിഴവ് മുതലാക്കി സുവാരസ് വീണ്ടും ഗോൾ നേടി ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. 85 ആം മിനുട്ടിൽ മെസ്സിയും ഗോൾ നേടി ബാഴ്സയുടെ വമ്പൻ ജയം ഉറപ്പിക്കുകയായിരുന്നു. ഫ്രീകിക്കിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement