
രണ്ടു എൽ ക്ലാസികോ പരാജയങ്ങളോടെ സീസൺ തുടങ്ങിയ ബാഴ്സലോണക്ക് ഇന്ന് വിജയിച്ച് തുടങ്ങിയേ മതിയാകു. ല ലിഗാ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ വെച്ച് റയൽ ബെറ്റിസിനെയാണ് ബാഴ്സലോണ നേരിടുന്നത്. നെയ്മറിന്റെ പി എസ് ജിയേക്കുള്ള കൂടുമാറ്റത്തിൽ നിന്ന് കരകയറേണ്ടി ഇരിക്കുന്ന ബാഴ്സയ്ക്ക് ഇന്നിറങ്ങുമ്പോൾ നെയ്മർ മാത്രമല്ല പ്രശ്നം. സ്റ്റാർ സ്ട്രൈക്കർ ലൂയിസ് സുവാരസും പരിക്ക് കാരണം ഇന്ന് ഇറങ്ങില്ല.
അവസാന മത്സരത്തിൽ മുട്ടിനേറ്റ പരിക്ക് ഒരു മാസത്തോളം സുവാരസിനെ പുറത്തിരുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. എം എസ് എൻ ത്രയത്തിലെ മെസ്സി മാത്രമെ ഇന്ന് ഉണ്ടാകു എന്ന് ചുരുക്കം. സുവാരസ് മാത്രമല്ല ബാഴ്സയിൽ പരിക്കിന്റെ പിടിയിൽ ഉള്ളത് ഇനിയേസ്റ്റയും ഇന്ന് ഇറങ്ങില്ല. റയലിനെതിരെ പരിക്കേറ്റ് കളം വിട്ട ഡിഫൻഡർ പികെ കളിക്കുന്ന കാര്യവും സംശയമാണ്. ബ്രസീലിൽ നിന്നെത്തിയ പുതിയ സൈനിംഗ് പൗളീനോ ഇന്ന് ബാഴ്സയ്ക്ക് വേണ്ടി ഇറങ്ങിയേക്കും. റയലിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച നെൽസൺ സെമേഡോയും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും.
ബാഴ്സ പുതിയ മികച്ച സൈനിംഗ് ഇല്ലാതെ വിഷമിക്കുകയാണെങ്കിൽ ബെറ്റിസ് രണ്ട് പുതിയ മിഡ്ഫീൽഡ് താരങ്ങൾ ടീമിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. പുതുതായി എത്തിയ ഗാർസിയയും ഗുഡ്വാഡോയും ഇന്ന് ബെറ്റിസിന്റെ സ്റ്റാർട്ടിംഗ് ടീമിൽ തന്നെ ഉണ്ടാകും.
ഇന്ന് രാത്രി ഇന്ത്യൻ സമയം 11.45നാണ് മത്സരം. ഒരു ആക്രമണം നടന്നതിന്റെ നടുക്കത്തിൽ ഇരിക്കുന്ന ബാഴ്സലോണ നഗരത്തിന് ഒരു വിജയത്തിലൂടെ ആശ്വാസം നൽകാനാകും മെസ്സിയും ബാഴ്സലോണയും ആഗ്രഹിക്കുന്നത്. ഇന്ന് ആക്രമണത്തിൽ ബാധിക്കപ്പെട്ടവർക്ക് പിന്തുണയുമായി ജേഴ്സിയിൽ സ്വന്തം പേരിനു പകരം ബാഴ്സലോണ എന്നെഴുതിയാകും ബാഴ്സ ടീം ഇന്നിറങ്ങുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial