
സ്പാനിഷ് ഫുട്ബോളിനെ പിടിച്ച് കുലുക്കി അഴിമതി ആരോപണങ്ങൾ. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തലവനായ മരിയ വില്ലാർ ആണ് അഴിമതി ആരോപണങ്ങളുടെ പേരിൽ പിടിയിലായിരിക്കുന്നത്. മരിയ വിലാറിനോടൊപ്പം അദ്ദേഹത്തിന്റെ മകനായ ഗോർകയെയും മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ഫുട്ബോളിന്റെ ആസ്ഥാനത്ത് നടന്ന പരിശോധനയുടെ പിൻബലത്തിലാണ് അറസ്റ്റ്. മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികളാണ് അറസ്റ്റിലേക്ക് വഴി വെച്ചത്.
29 വർഷമായി സ്പാനിഷ് ഫുട്ബാളിന്റെ തലപ്പത്ത് ഇരിക്കുന്ന ആളാണ് മരിയ വില്ലാർ. രണ്ടു മാസം മുൻപാണ് വില്ലാറിനെ വീണ്ടും സ്പാനിഷ് ഫുട്ബാളിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ വരുന്ന സീസണിലെ ലാ ലിഗ മത്സരങ്ങളുടെ വിവരങ്ങൾ പുറത്ത് വിടാനിരിക്കെയാണ് സ്പാനിഷ് ഫുട്ബോളിനെ ഞെട്ടിച്ച ഈ സംഭവം.
സ്പാനിഷ് ഹൈ കോർട്ടിന്റെ ഉത്തരവ് പ്രകാരമുള്ള അന്വേഷണത്തിലാണ് വില്ലാർ പിടിയിലായത്. ഫിഫ, യുവേഫഎന്നിവയുടെ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ് മരിയ വില്ലാർ. സ്പെയിൻ ഫുട്ബോൾ ടീം പങ്കെടുത്ത ചില സൗഹൃദ മത്സരങ്ങളും ഇതിന്റെ ഭാഗമായി അന്വേഷണവിധേയമാക്കുന്നുണ്ട് .
മുൻ ബാഴ്സിലോണ പ്രസിഡന്റും സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ ജൊഹാൻ ഗാസ്പാർട് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപെടുമെന്നാണ് കരുതപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial