റയൽ മാഡ്രിഡ് കൈവിട്ട ലൊപെറ്റിഗി സെവിയ്യക്ക് ഒപ്പം ഉയർത്തെഴുന്നേൽക്കുന്നു!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന സീസൺ ലൊപെറ്റിഗിയുടെ കരിയറിലെ ഏറ്റവും മോശം വർഷമാണെന്ന് പറയാണ്. സ്പാനിഷ് പരിശീലകനായിരുന്ന അദ്ദേഹം റയൽ മാഡ്രിഡുമായി കരാറിൽ എത്തിയത് സ്പാനിഷ് ഫുട്ബോൾ അസോസിയേഷനെ ചൊടിപ്പിച്ചു. ലോകകപ്പിന് തൊട്ടു മുമ്പ് ലൊപെറ്റിഗി സ്പെയിൻ ദേശീയ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്. അതിനു ശേഷം റയൽ മാഡ്രിഡ് പരിശീലകനായി എത്തിയപ്പോൾ അദ്ദേഹത്തിന് വലിയ ചുമതലകൾ ആയിരുന്നു ഉള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വൻ പ്രതിഭ ക്ലബ് വിട്ട് പോയതിന്റെ വിടവ് നികത്താതെ ഒരു സ്ക്വാഡിനെ ആണ് റയൽ മാനേജ്മെന്റ് ലൊപെറ്റിഗിക്ക് കൊടുത്തത്‌. പ്രായം കൂടിവരുന്ന റയൽ സ്ക്വാഡുമായി ലൊപെറ്റിഗി കളത്തിൽ ഇറങ്ങിയപ്പോൾ അത്ര നല്ല ഫലങ്ങൾ പിറന്നുമില്ല. അധികം താമസിയാതെ റയൽ പരിശീലക സ്ഥാനത്ത് നിന്നും ലൊപെറ്റിഗി പുറത്ത്. ഇത്തരത്തിൽ ഉള്ളത് കിട്ടിയും ഇല്ല കക്ഷത്തിൽ ഉള്ളത് നഷ്ടപ്പെടുകയും ചെയ്തു എന്ന അവസ്ഥ. ലൊപെറ്റെഗി എന്ന പരിശീലകനെ തന്നെ എല്ലാവരും സംശയിച്ചു.

ലൊപെറ്റിഗി സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലകനായിരിക്കെ ഒരു മത്സരം പോലും സ്പെയിൻ പരാജയപ്പെട്ടിരുന്നില്ല. ആ പരിശീലകൻ വീണ്ടും കയ്യടികൾ നേടുകയാണ്. അവസാന രണ്ട് സീസണുകളായി പിറകോട്ട് പോയിരുന്ന സ്പാനിഷ് ക്ലബായ സെവിയ്യയുടെ പരിശീലകനായാണ് ഇപ്പോൾ ലൊപെറ്റിഗി തിരികെ വന്നിരിക്കുന്നത്. സീസൺ തുടക്കിൽ ആണെങ്കിലും ലൊപെറ്റിഗിയുടെ സെവിയ്യ വലിയ പ്രതീക്ഷകൾ നൽകുന്നു.

നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്താണ് സെവിയ്യ. ഒന്നാം സ്ഥാനം എന്നതിൽ ഇപ്പോൾ വലിയ കാര്യമില്ല. പക്ഷെ സെവിയ്യയുടെ പ്രകടനം ഇതുവരെ വളരെ മികച്ചതായിരുന്നു. നാലു മത്സരങ്ങളിൽ ആകെ വഴങ്ങിയത് ഒരേയൊരു ഗോളാണ്. ഡിഫൻസിലും മധ്യനിരയിലും തീർത്തും ആധിപത്യം നടത്തുന്ന പ്രകടനങ്ങൾ. അറ്റാക്കിൽ ഫൈനൽ ബോളുകൾ കൂടെ മികച്ചത് ആവുകയാണെങ്കിൽ ഈ ടീം ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചുവരും എന്ന് തന്നെ പ്രതീക്ഷിക്കാം. ലൊപെറ്റെഗിക്ക് ഒപ്പം സെവിയ്യയുടെ ഡയറക്ടർ ഓഫ് ഫുട്ബോൾ ആയ മുൻ ഗോൾ കീപ്പർ മോഞ്ചിക്കും ഈ സെവിയ്യ പ്രകടനങ്ങളിൽ വലിയ പങ്കുണ്ട്. ലൊപെറ്റിഗി-മോഞ്ചി സഖ്യം സെവിയ്യയെ കൈ പിടിച്ച് ഉയർത്തും എന്ന് തന്നെ ആരാധകർ വിശ്വസിക്കുന്നു.