അമേരിക്കയിൽ നാളെ എൽ ക്ലാസികോ, കണ്ണുകൾ നെയ്മറിൽ

സ്പെയിനിന് പുറത്തുള്ള രണ്ടാമത്തെ എൽ ക്ലാസിക്കോ നാളെ പുലർച്ചെ അമേരിക്കയിലെ മയാമിയിൽ നടക്കും. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമായാണ് റയൽ മാഡ്രിഡും ബാഴ്‌സിലോണയും സ്പെയിനിനു പുറത്ത് വെച്ച് ഏറ്റുമുട്ടുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.35നാണ് മത്സരം. സീസണിലെ ആദ്യ എൽ എൽക്ലാസിക്കോ എന്ന വിശേഷണവും ഈ മത്സരത്തിനുണ്ട്. ഒരു സൗഹൃദ മത്സരമാണെകിൽ കൂടി സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ജയിച്ചു തുടങ്ങാനാവും ഇരു ടീമുകളുടെയും ശ്രമം. അടുത്തിടെ ബാഴ്‌സിലോണ കോച്ചായി സ്ഥാനം ഏറ്റെടുത്ത ഏണെസ്റ്റോ വാല്വെർദെയുടെ ആദ്യ എൽ ക്ലാസിക്കോ മത്സരം കൂടിയാണ് ഇത്.

കോൺഫെഡറേഷൻ കപ്പിൽ പങ്കെടുത്തത് കൊണ്ട് ഇപ്പോഴും ടീമിനൊപ്പംചേർന്നിട്ടില്ലാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിദ്ധ്യം റയൽ മാഡ്രിഡിന് നഷ്ട്ടമാകും. അതെ സമയം മുന്നേറ്റ നിരയിൽ ഗാരെത് ബെയ്ൽ, ബെൻസീമ, ഇസ്‌കോ എന്നിവരടങ്ങുന്ന സഖ്യം ബാഴ്‌സിലോണ പ്രതിരോധത്തിന് വെല്ലുവിളി സൃഷ്ട്ടിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

ബാഴ്‌സിലോണയാവട്ടെ തങ്ങളുടെ മുഴുവൻ താര നിരയുമായിട്ടാണ് വരുന്നത്. മെസ്സി, സോറസ്, നെയ്മർ എന്നിവരെല്ലാം ടീമിന്റെ കൂടെയുണ്ട്. അതെ സമയം ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് നെൽസൺ സെമെഡോയുമായുള്ള വാക്കേറ്റത്തെ തുടർന്ന് ട്രെയിനിങ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോയ നെയ്മർ ടീമിൽ ഇടം നേടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നെയ്മർ ബാഴ്‌സ വിട്ട് പി എസ് ജിയിലേക്ക് കൂടുമാറുമെന്ന വാർത്തകളും നിറഞ്ഞു നിൽക്കുന്ന ഈ ഘട്ടത്തിൽ കോച്ച് വാല്വെർദെ താരത്തെ അച്ചടക്ക നടപടിയുടെ പേരിൽ പുറത്തിരുത്തുമോ എന്നതും കാത്തിരുന്നു കാണാം.

അടുത്ത മാസം രണ്ടു എൽ ക്ലാസിക്കോയാണ് നടക്കാൻ പോവുന്നത്.  സ്പാനിഷ് സീസൺ മുന്നോടിയായുള്ള സൂപ്പർ കോപ്പ ഡേ എസ്പാനയിലാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുക. രണ്ടു പാദങ്ങളിലായാണ്  മത്സരം.   ഓഗസ്റ്റ് 12നും ഓഗസ്റ്റ് 17നുമാണ് മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article“ആശാൻ വിളിക്ക് എപ്പോഴും കടപ്പെട്ടിരിക്കും” – കോപ്പലാശാൻ
Next articleപ്രായം 26, മാറ്റ് മാച്ചന്‍ കളിയവസാനിപ്പിക്കുന്നു