
ഗ്രനാഡയെ 4 – 1 നു തകർത്ത് ബാഴ്സലോണ ലാ ലീഗ കിരീട പോരാട്ടത്തിൽ റയലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറച്ചു. തുടക്കം മുതൽതന്നെ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചാണ് ഗ്രനാഡ തുടങ്ങിയത്. അഞ്ചു പേരെ അണിനിരത്തിയിട്ടുള്ള പ്രധിരോധ നിരയാണ് ബാഴ്സ ആക്രമണത്തെ ചെറുക്കാൻ ഗ്രനാഡ നിയോഗിച്ചത്. ആദ്യ പകുതിയുടെ അവസാനം വരെ ബാഴ്സയെ ഗോൾ നേടുന്നതിൽ നിന്ന് തടയാനും അവർക്കായി.
തുടരെ തുടരെ ആക്രമണങ്ങൾ നടത്തിയാണ് ബാഴ്സ മത്സരം തുടങ്ങിയത്. മെസ്സിയുടെ അഭാവം ഒരിക്കൽ പോലും ബാഴ്സക്കു അനുഭവപ്പെട്ടില്ല. തുടക്കം മുതൽ സൊറാസ് ഗ്രനാഡ പ്രധിരോധ നിരക്ക് പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു. മെക്സിക്കൻ ഗോൾ കീപ്പർ ഒച്ചോവയുടെ മികച്ച രക്ഷപെടുത്തലുകൾ ഗ്രനാഡക്കു തുണയാവുകയായിരുന്നു. 16 മിനുട്ടിൽ റാഫിഞ്ഞ പരിക്കുമൂലം പുറത്തുപോവേണ്ടി വന്നെങ്കിലും പകരക്കാരനായി ഇറങ്ങിയ പാകോ അൽകാസർ ഒരു ഗോളും ഒരു അസിസ്റ്റും നേടി കളം നിറഞ്ഞു കളിച്ചു.
23ആം മിനുട്ടിൽ സോറസിന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയെങ്കിലും നെയ്മർ വലയിലെത്തിച്ചു. പക്ഷെ റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. 26ആം മിനുട്ടിൽ സോറസിന്റെ ഗോളെന്നു ഉറച്ച രണ്ടു ഷോട്ടുകൾ രക്ഷപെടുത്തി ഒച്ചോവ ഗ്രനാഡയുടെ രക്ഷക്കെത്തി. ആദ്യ പകുതി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ബാഴ്സ സോറസിലൂടെ ആദ്യ ഗോൾ നേടിയത്. ബാഴ്സയുടെ പകുതിയിൽ നിന്ന് ജോർഡി അൽബ നൽകിയ പന്ത് ഗോൾ കീപ്പറുടെ തലയ്ക്കു മുകളിലൂടെ കോരിയിട്ടു സൊറാസ് ഗോൾ നേടുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്രനാഡ ജറമി ബോഗയിലൂടെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വന്നു. മാത്യു സൗനിർ നൽകിയ പാസ് ടെർ സ്റ്റീഗന് ഒരു അവസരവും നൽകാതെ വലയിലാകുകയായിരുന്നു. എന്നാൽ 64 മിനുട്ടിൽ ലൂയിസ് സൊറാസ് നൽകിയ പാസിൽ നിന്ന് പാകോ അൽകാസർ ഗോൾ നേടി ബാഴ്സക്കു വീണ്ടും മുൻതൂക്കം നൽകി.
82ആം മിനുട്ടിൽ ഹെന്ററി അഗ്ബോ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ടു പുറത്തു പോയതോടെ ഗ്രനാഡയുടെ ചെറുത്ത് നില്പ്പ് അവസാനിച്ചു. 83ആം മിനുട്ടിൽ റാകിറ്റിച്ചിന്റെ ഗോളോട് കൂടി ബാഴ്സ മത്സരം കൈപ്പിടിയിലൊതുക്കി. ഇടതു വിങ്ങിൽ കൂടെയുള്ള നെയ്മറിന്റെ മുന്നേറ്റമാണ് റാകിറ്റിച്ചിന്റെ ഗോളിൽ കലാശിച്ചത്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ബാഴ്സ നെയ്മറിലൂടെ നാലാമത്തെ ഗോളും നേടി വിജയം രാജകീയമാക്കി. വലതു ഭാഗത്ത് നിന്ന് പാകോ അൽകാസർ നൽകിയ ക്രോസ്സ് നെയ്മറിന് ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോളോടെ ബാഴ്സക്കു വേണ്ടി 100 ഗോൾ നേടുക എന്ന നേട്ടം കൂടി നെയ്മർ സ്വന്തമാക്കി.
ഈ വിജയത്തോടെ ബാഴ്സ ലാ ലീഗ കിരീട പ്രതീക്ഷ നിലനിർത്തി. തോൽവിയോടെ പുറത്താക്കൽ ഭീഷണി നേരിടുന്ന ഗ്രനാഡയുടെ നില പരുങ്ങലിലായി.