റൊണാൾഡോക്ക് ഹാട്രിക്ക്, മാഡ്രിഡ് ഡർബിയും ജയിച്ച് റയൽ ലീഗിൽ ഒന്നാമത്

- Advertisement -

പൊരുതി കളിച്ച ഡീഗോ സിമിയോണിയുടെ അത്ലെറ്റികോ മാഡ്രിഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ 3-0 ത്തിനാണ് റയൽ മാഡ്രിഡ് വിജയം കണ്ടത്. ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം ആദ്യമായിരുന്നു ഇരു ടീമുകളും ഏറ്റ് മുട്ടിയത്. സമീപകാലത്ത് ലീഗിൽ അത്ലെറ്റികോ മാഡ്രിഡിനെതിരെയുള്ള മോശം റെക്കോർഡ് തിരുത്താൻ റയലിന് ഇത്തവണ സാധിച്ചു. 23 മത്തെ മിനിറ്റിൽ ഫ്രീകിക്ക് വലയിൽ എത്തിച്ച് റയലിന് മുൻതൂക്കം നൽകിയ റൊണാൾഡോ രണ്ടാം പകുതിയിൽ 71 മിനിറ്റിൽ പെനാൾട്ടിയിലൂടെ ലക്ഷ്യം കണ്ട ശേഷം 6 മിനിറ്റിനപ്പുറം തൻ്റെ ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പാണ് സിദാൻ്റെ ടീം നൽകിയത്. 12 കളികളിൽ നിന്ന് 30 പോയിൻ്റ് നേടിയ റയൽ ഒന്നാമത് തുടരുമ്പോൾ 21 പോയിൻ്റുള്ള അത്ലെറ്റികോ 5 സ്ഥാനത്തേക്ക് വീണു.

ലീഗിലെ മറ്റ് മത്സരങ്ങളിൽ ദുർബലരായ മലാഗക്കെതിരെ സ്വന്തം മൈതാനത്ത് ഗോൾ രഹിത സമനില വഴങ്ങിയ ബാഴ്സക്ക് മുന്നോട്ടുള്ള പ്രയാണം പ്രയാസം നിറഞ്ഞതാകുമെന്ന് ഉറപ്പായി. റയലിന് 4 പോയിൻ്റ് പിറകിൽ രണ്ടാം സ്ഥാനത്താണവർ ഇപ്പോൾ. ആവേശകരമായ മത്സരത്തിൽ ഡിപ്പാർഡീവോയെ 3-2 നു തോൽപ്പിച്ച സാമ്പോളിയുടെ സെവിയ്യ 3 സ്ഥാനതെത്തി. വിയ്യ റയൽ, വലൻസിയ തുടങ്ങിയ ടീമുകൾ ഇന്നിറങ്ങും.

Advertisement