ക്ലബ് ലോകകപ്പിലും ഏറ്റവും കൂടുതൽ ഗോൾ റൊണാൾഡോക്ക്

- Advertisement -

ക്ലബ് ലോകകപ്പിലും ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ ജസീറക്കെതിരെ രണ്ടാം പകുതിയിൽ റൊണാൾഡോ നേടിയ ഗോളോടെയാണ് ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറിയത്. ക്ലബ് ലോകകപ്പിൽ റൊണാൾഡോയുടെ ആറാമത്തെ ഗോൾ ആയിരുന്നു ഇത്. ഏഴ് ക്ലബ് ലോകകപ്പ് മത്സരങ്ങൾ കളിച്ച റൊണാൾഡോ 3 അസിസ്റ്റും നൽകിയിട്ടുണ്ട്.

അഞ്ച് ഗോൾ വീതം നേടിയ ബാഴ്‌സലോണ താരങ്ങളായ ലൂയിസ് സുവാരസിന്റെയും ലിയോണൽ മെസ്സിയുടെയും റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. അൽ ജസീറ ഗോൾ പോസ്റ്റിൽ അലി ഖാസിഫിന്റെ മികച്ച പ്രകടനമാണ് റൊണാൾഡോക്ക് മത്സരത്തിൽ കൂടുതൽ ഗോളുകൾ നിഷേധിച്ചത്. പരിക്കേറ്റ് പുറത്ത് പോയ ഖാസിഫിന് പകരക്കാരനായി കളത്തിലിറങ്ങിയ ഖാലിദ് അൽ സെനാനിയെ മറികടന്നാണ് റൊണാൾഡോ ഗോൾ നേടിയത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഗാരെത് ബെയ്‌ലിന്റെ ഗോളിൽ റയൽ മാഡ്രിഡ് ജയിച്ച് ഫൈനലിൽ എത്തിയിരുന്നു.

ക്ലബ് ലോകകപ്പിൽ റൊണാൾഡോ ആദ്യമായി ഗോൾ നേടിയത് 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്തായിരുന്നു.  കഴിഞ്ഞ തവണത്തെ ക്ലബ് ലോകകപ്പ് ഫൈനലിൽ റൊണാൾഡോ ഹാട്രിക് നേടിയിരുന്നു. അടുത്ത ശനിയാഴ്ച ക്ലബ് ലോകകപ്പ് ഫൈനലിൽ റയൽ മാഡ്രിഡ് ഗ്രീമിയോയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement