ഏകപക്ഷീയ ജയത്തോടെ റയൽ, തിളക്കം കെടുത്തി റാമോസിന് ചുവപ്പ് കാർഡ്

ലാലിഗാ തുടക്കം ഗംഭീരമാക്കി റയൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ആദ്യ ലീഗ് മത്സരത്തിൽ ഡിപോർടീവോ ല കൊരുണയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തിയാണ് കിരീടം നിലനിർത്താനുള്ള യാത്ര തുടങ്ങിയത്.

എൽ ക്ലാസിക്കോയിൽ മികച്ച പ്രകടനം നടത്തിയ യുവതാരം അസൻസിയോയെ ബെഞ്ചിലിരുത്തി ഇസ്കോയേയും ബെയിലിനേയും ഒന്നാം നിരയിൽ ഇറക്കിയാണ് സിദാൻ ഇന്ന് കളി തുടങ്ങിയത്. 20ാം മിനുട്ടിൽ തന്നെ സിദാൻ തന്ത്രം ലക്ഷ്യം കണ്ടു. മാർസേലോയുടെ ഒരു മുന്നേറ്റത്തിനൊടുവിൽ ബെൻസീമയുടെ അസിസ്റ്റിൽ ബെയിലിന്റെ ഗോൾ. ബെയിലിന്റെ റയൽ മാഡ്രിഡ് കരിയറിലെ അമ്പത്തി അഞ്ചാം ഗോളായിരുന്നു അത്.

27ാം മിനുട്ടിൽ മധ്യനിര താരം കസമീറോയ്ക്കായിരുന്നു അടുത്ത അവസരം. ഇത്തവണയും ആക്രമണം പിറന്നത് ഇടതു വിങ്ങിൽ നിന്നായിരുന്നു. മാർസേലോയുടെ ക്രോസ് വലയിലേക്ക് അടിച്ച് കയറ്റിക്കൊണ്ട് കസമീറോ റയൽ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിൽ ഗരെത് ബെയിലിന്റെ അസിസ്റ്റിൽ ടോണി ക്രൂസ് കൂടെ ലക്ഷ്യം കണ്ടതോടെ റയലിന്റെ വിജയം ഉറച്ചു.

പക്ഷെ കളിയുടെ അവസാന നിമിഷത്തിൽ രണ്ടാം മഞ്ഞകാർഡ് വാങ്ങി റാമോസ് പുറത്തു പോയത് റയലിന് തിരിച്ചടിയാകും. അടുത്ത ഞായറാഴ്ച വലൻസിയക്കെതിരെ ആണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ടു ഗോൾ, 3 അസിസ്റ്റ്, നെയ്മർ മാജിക്കിൽ പി എസ് ജി ഒന്നാമത്
Next articleസെമിയില്‍ പ്രവേശിച്ച് ഇന്‍ഫോസിസ്, ആര്‍ആര്‍ഡി, യുഎസ്ടി റെഡും എന്‍വെസ്റ്റ്നെറ്റും